ശ്രീനഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സോപോറിലെ ഷേർ കോളനിയിലാണ് കട സ്ഥിതിചെയ്യുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തുകയാണ്.
ട്രക്കിൽ നിന്ന് ആക്രികൾ ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. നാസിർ അഹമ്മദ് നാദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റാഷിദ് ഭട്ട് (23), മുഹമ്മദ് അസർ (25) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ആക്രിക്കടയുടെ ഉടമയും ഉൾപ്പെടുന്നു. എല്ലാവരും ഷേർ കോളനി സ്വദേശികളാണ്.















