കൊല്ലം: ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു. പ്രതികൾ ക്രിമിനൽ കേസിൽ അടക്കം ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.
കുതിരയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ചാണ് കുതിരയെ ക്രൂരമായി മർദിച്ചത്.
മർദനത്തിൽ കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുമുണ്ട്. കുതിരയെ കയറിൽ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിർത്തിയതിന് ശേഷമാണ് അടിച്ചത്. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ കെട്ടിയിട്ടിരുന്ന കുതിരയെയാണ് അൽഅമീൻ അടക്കമുള്ള സംഘം ആക്രമിച്ചത്.
വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലിൽ എ. ഷാനഫാസിന്റെ ദിയ എന്ന നാലര വയസുള്ള കുതിരയാണിത്. പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സയും നൽകിയിരുന്നു. അഞ്ച് ദിവസം മുമ്പാണ് കുതിരയെ ഗുജറാത്തിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടു വന്നത്.















