ന്യൂയോർക്ക്: ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കമല ഹാരിസ് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കമല ഹാരിസിന്റെ പ്രതികരണം.
” ഒരു തീവ്രവാദ സംഘടനയ്ക്കെതിരെ സ്വയം പ്രതിരോധം തീർക്കാൻ ഇസ്രായേലിന് എല്ലാ അവകാശങ്ങളും ഉണ്ട്. അതേസമയം തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള പ്രശ്ന പരിഹാരത്തിനായും പ്രവർത്തിക്കണം. ഇതിനായി ഞങ്ങളുടെ ശ്രമം തുടരുമെന്നും” കമല ഹാരിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇസ്രായേലിലെ ഗോലാൻ മലനിരകളിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 12ഓളം കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈന്യം അന്ന് തന്നെ പറഞ്ഞിരുന്നു. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടാണ് ബെയ്റൂട്ടിൽ നടത്തിയ ആക്രമണമെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കമല ഹാരിസ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെത്തിയ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും കമല ഹാരിസുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഗാസയിലെ വിഷയത്തിൽ നിശബ്ദയായിരിക്കില്ലെന്നും കമല ഹാരിസ് അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു തീവ്രവാദ ശക്തിക്കെതിരായ ഇസ്രായേലിന്റെ പ്രതിരോധ നീക്കങ്ങളെ ഒരിക്കലും എതിർക്കില്ലെന്നും കമല ഹാരിസ് പറയുന്നു.