കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി.
തപസ്യയുടെ സംസ്ഥാന ഉപാധ്യക്ഷനും രക്ഷാധികാരിയുമെന്ന നിലയിലും, സംസ്കാർ ഭാരതിയുടെ ദേശീയ ഉപാധ്യക്ഷനെന്ന നിലയിലും ആത്മാർത്ഥമായി പ്രവർത്തിക്കാനും മാർഗദർശനം നൽകാനും രാജഗോപാൽ സാറിന് കഴിഞ്ഞുവെന്ന് തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസും ജനറൽ സെക്രട്ടറി കെ.ടി രാമചന്ദ്രനും അനുസ്മരിച്ചു.
അക്കാദമിക് രംഗത്ത് തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളായിരുന്നു രാജഗോപാൽ. സാഹിത്യരംഗത്ത് നിസ്തുലമായ സംഭാവനകളാണ് നൽകിയത്. രാമചരിത മാനസത്തിന്റെ മലയാള വിവർത്തകനെന്ന നിലയ്ക്ക് അതുല്യമായ സ്ഥാനമാണ് അക്ഷരലോകത്ത് നേടിയത്.
അക്കാദമിക് രംഗത്തുനിന്ന് 1990 കളുടെ തുടക്കത്തിലാണ് പ്രൊഫ. സി.ജി. രാജഗോപാൽ തപസ്യയുടെ ഭാഗമാകുന്നത്. തപസ്യയെയും സംസ്കാർ ഭാരതിയെയും സ്വന്തം കുടുംബമായാണ് രാജഗോപാൽ കണ്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തപസ്യ കലാവേദി അറിയിച്ചു.
തപസ്യയുടെ അദ്ധ്യക്ഷനായും സംസ്കാർ ഭാരതിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ബാലഗോകുലവും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചു. ഭാരതീയ വിചാരകേന്ദ്രവും പരമശ്വർജിയുമായും അടുത്ത ബന്ധം പുലർത്തി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തിരുവനന്തപുരം വിഭാഗ് കാര്യാലയത്തിന്റെ നിർമ്മാണ സമതിയുടെ ചെയർമാൻ ആയിരുന്നു. തുടക്കം മുതൽ തന്നെ വിചാരവേദിയുടെ സംയോജകനായിരുന്നു.















