ബെയ്റൂത്ത്: ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് നിർദേശിച്ച് അമേരിക്കയും യുകെയും. കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേഗം ലെബനൻ വിടണമെന്നാണ് അമേരിക്കയും യുകെയും പൗരന്മാരോട് നിർദേശിച്ചിരിക്കുന്നത്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
എയർലൈനുകൾ പലതും ലെബനനിൽ സർവീസ് നിർത്തിവക്കുകയും സേവനങ്ങൾ റദ്ദാക്കുകയും ചെയ്തുവെങ്കിലും ചിലത് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ കിട്ടുന്ന ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് എത്രയും വേഗം ലെബനൻ വിടണമെന്ന് ബെയ്റൂത്തിലെ യുഎസ് എംബസി അമേരിക്കൻ പൗരന്മാരോട് അറിയിച്ചു. സമാനരീതിയിൽ തന്നെയാണ് ബ്രിട്ടീഷ് ജനതയ്‌ക്ക് യുകെ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ലെബനനിൽ സംഘർഷ സാധ്യത കൂടുതലാണെന്നും ഏതുനിമിഷവും സ്ഥിതിഗതികൾ വഷളാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പ്രതികരിച്ചു.
യുഎസും യുകെയും കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു. കഴിയുന്നത്ര വേഗം ലെബനൻ വിടണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധമാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലെത്തി നിൽക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെയും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയേയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷ സാധ്യത വർദ്ധിച്ചത്.