പ്രവചനങ്ങൾ കാറ്റിൽപ്പറത്തി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസ്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദം അവസാനിച്ചപ്പോൾ 5,566 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3,203 കോടി രൂപയായിരുന്നു മുൻ വർഷം.
5,486 കോടി രൂപയാകും അറ്റാദായമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇലക്ട്രിക് കാർ വിൽപനയിലൂടെ ടാറ്റാ മോട്ടോഴ്സ് കുതിപ്പ് നടത്തുകയാണ്. വരുമാനത്തിൽ ആറ് ശതമാനം ഉയർന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി. വാണിജ്യ വാഹനങ്ങളുടെ വിൽപനയിലൂടെ ലഭിച്ച വരുമാനം കഴിഞ്ഞ വർഷത്തെ ഏപ്രിൽ- ജൂൺ പാദത്തേക്കാൾ അഞ്ച് ശതമാനം ഉയർന്ന് 17,800 കോടി രൂപയിലെത്തി. ഹോൾസെയിൽ വിൽപന ആറ് ശതമാനം ഉയർന്ന് 93,700 യൂണിറ്റ് എന്ന നിലയിലെത്തി.
ജൂൺ പാദത്തിൽ കഴിഞ്ഞ വർഷത്തിന് സമാനമായി കുതിപ്പ് നിലനിർത്താൻ കമ്പനിക്ക് സാധിച്ചതായി ടാറ്റ മോട്ടോഴ്സ് സി.എഫ്.ഒ അറിയിച്ചു. ലാഭം നേടുന്ന വർഷമാകുമിതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടാറ്റാ മോട്ടോഴ്സിനെ വാണിജ്യ വാഹനങ്ങൾ, , യാത്രാ വാഹനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ച് നിർമാണം കൂടുതൽ മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ബോർഡിന് ഇതിന് പച്ചക്കൊടി വീശിയിട്ടുണ്ട്. വരുന്ന 15 മാസത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാകുമെന്നാണ് വിലയിരുത്തൽ. ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ് ടാറ്റ ക്യാപിറ്റലുമായുള്ള ലയനം വരും വർഷത്തിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഇതും കമ്പനിയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കും.