തിരുവനന്തപുരം: ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നതിൽ ഒരു കാരണം കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യം സൂചിപ്പിച്ചത്.
അടുപ്പിച്ചുള്ള ദിവസങ്ങളിൽ ശക്തിയായ മഴ പെയ്യുമ്പോഴാണ് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നത്. വയനാട്ടിൽ ദുരന്തം സംഭവിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തിരുന്നു. ഉരുൾപൊട്ടിയ ദിവസവും അതിശക്തമായ മഴയാണുണ്ടായിരുന്നത്. തുടർച്ചയായി പെയ്ത മഴയുടെ പരിണിതഫലമായിരുന്നു ആ ഉരുൾപൊട്ടൽ. വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിക്കുന്നതിലേക്ക് നയിക്കുന്ന ഉരുൾപൊട്ടലുകൾക്കും മണ്ണിടിച്ചിലിനും മുന്നോടിയായി അതിശക്തമായ മഴ പെയ്തിട്ടുണ്ടാകും.
കുറച്ചുദിവസം മഴ പെയ്യാതിരിക്കുക, അതിനുശേഷം ശക്തമായ മഴ പെയ്യുക എന്ന പാറ്റേണാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രദേശം കേന്ദ്രീകരിച്ച് മണിക്കൂറുകളോളം ശക്തമായ മഴ പെയ്യുന്നു. സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന കാലവർഷമല്ല ഇന്നുള്ളത്. പണ്ടുകാലത്തുണ്ടായ ദുരന്തങ്ങൾക്ക് ഇപ്പോഴുണ്ടാകുന്നവയുടെ അത്ര തീവ്രതയുണ്ടായിരുന്നില്ല. കാലവർഷക്കാലത്ത് റിപ്പോർട്ട് ചെയ്യുന്ന ദുരന്തങ്ങളുടെ എണ്ണവും ഇന്നത്തെ കാലത്ത് വർദ്ധിച്ചു. ജനസാന്ദ്രത വർദ്ധിച്ചുവെന്നത് തന്നെയാണ് അതിന് ഒരു കാരണം. കേരളം പോലെ വളരെയധികം ജനസാന്ദ്രത കൂടിയ പ്രദേശത്ത് ചെറിയൊരു അപകടം സംഭവിച്ചാൽ പോലും അതിന്റെ ആഘാതം വലുതായിരിക്കും. മഴ പെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞാൽ കരുതലോടെ ഇരിക്കേണ്ട കാലമാണിപ്പോഴുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പുകളും ദുരന്തസൂചനകളും അതിന്റേതായ ഗൗരവത്തോടെ സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.