ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു സന്ദർശനം.
വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. വയനാടിന് കൂടുതൽ സഹായം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗവർണർമാരുടെ യോഗത്തിലുൾപ്പെടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. സമ്മേളത്തിൽ പങ്കെടുത്ത എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായങ്ങളും വയനാടിന് ഉണ്ടാകുമെന്നും സമ്മേളനത്തിന് ശേഷം ഗവർണർ വ്യക്തമാക്കിയിരുന്നു.