ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് പടികടത്തി പട്ടാളം ഭരണമേറ്റെടുത്തതോടെ നിർണായക നീക്കങ്ങൾ. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബീഗം ഖലേദ സിയയെ മോചിപ്പിച്ചു. രാഷ്‌ട്രപതി മുഹ്മദ് ഷഹാബുദ്ദീന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷമായ ബിഎൻപിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു പ്രസിഡന്റിന്റെ തീരുമാനം.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യംവിട്ടതിന് പിന്നാലെ രാഷ്‌ട്രപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയായിരുന്നു നടപടി. സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ ഉന്നത നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ബംഗ്ലാദേശിൽ കഴിഞ്ഞ ഏതാനും കാലങ്ങളായി നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ അഞ്ഞൂറോളം പേരെ ജയിൽ മോചിതരാക്കാനും യോഗത്തിൽ തീരുമാനമായി.
ബംഗ്ലാദേശിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ് ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) അദ്ധ്യക്ഷയായ ഖലേദ സിയ (78). 1991ലാണ് ഇവർ രാജ്യത്തെ പ്രധാനമന്ത്രിയായത്. ഭർത്താവ് സിയൂർ റഹ്മാൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഖലേദ സിയയുടെ രാഷ്‌ട്രീയ പ്രവേശനം. 2018ൽ കോഴയാരോപണത്തെ തുടർന്ന് ജയിലിലായ ഖലേദയെ 17 വർഷത്തെ തടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. ബദ്ധവൈരിയായ ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കി പട്ടാളം ഭരണം ഏറ്റെടുത്തതോടെ ഖലേദയ്‌ക്ക് പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.















