ബെംഗളൂരു: മുഡ അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ തവാർ ചന്ദ് ഗെലോട്ട് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കാൻ ഒരുങ്ങുന്നു. ന്യൂഡൽഹിയിലായിരുന്ന ഗെലോട്ട് തിങ്കളാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങിഎത്തിയിരുന്നു .
ഈ വിഷയത്തിൽ ഏതെങ്കിലും കോണുകളിൽ നിന്നുള്ള വിമർശനം ഒഴിവാക്കാനാണ് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ നിയമപരവും രാഷ്‌ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ഡൽഹിയിലായിരുന്നപ്പോൾ വിദഗ്ധരുമായി ചർച്ച നടത്തിയതായി അഭ്യുഹമുണ്ട്.
പാർലമെൻ്റിന്റെ വർഷകാല സമ്മേളനം കഴിഞ്ഞു മാത്രമേ ഗവർണ്ണറുടെ തീരുമാനം ഉണ്ടാകൂ എന്ന് റിപ്പോ ർട്ടുണ്ട്. സംഭവവികാസങ്ങൾ സിദ്ധരാമയ്യയ്‌ക്ക് പ്രതികൂലമാകുമെന്ന് മുൻ കൂട്ടി കണ്ട് അദ്ദേഹത്തിന്റെ അനുയായികൾ ഗവർണർക്കെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.