അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുഷ്പ 2-ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായി ഷൂട്ടിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ സുകുമാറും അല്ലു അർജുനും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങളാണ് പുറത്തുവന്നത്. എന്നാലിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുമെന്നാണ് വിവരം. ഡിസംബർ ആറിനാണ് പുഷ്പ തിയേറ്ററുകളിലെത്തുന്നത്. ഈ മാസം 15-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ എഡിറ്റിഗും ഷൂട്ടിംഗും ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റി വച്ചത്. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും സിനിമാസ്വാദകർക്ക് മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കുമെന്നാണ് വിവരം.
ഫഹദ് ഫാസിൽ, രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ബന്ദർ, റാവു രമേഷ്, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ് നിർവ്വഹിക്കുന്നത്.