രുദ്രപ്രയാഗ് : കേദാർനാഥ് ധാമിലേക്ക് ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുമെന്നും സർവീസ് പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് 25 ശതമാനം ഇളവ് ലഭിക്കുമെന്നും ഉത്തരാഖണ്ഡ് സർക്കാർ. മഴ മൂലം ബാധിക്കപ്പെട്ട രുദ്രപ്രയാഗ് ജില്ലയിലെ ദുരിതാശ്വാസപ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേദാർനാഥ് യാത്ര കാൽനടയായും ഉടൻ ആരംഭിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് അധികാരികളോട് അദ്ദേഹം നിർദ്ദേശിച്ചു.”പാതയിലേക്കുള്ള നാശനഷ്‌ടം വലിയതോതിലുള്ളതാണ്. മണ്ണിടിച്ചിലിടെ തുടർന്ന് 29 ഇടങ്ങളിലാണ് പാത തകർന്നിട്ടുള്ളത്”. പ്രകൃതിക്ഷോഭത്തെ തുടർന്ന് താറുമാറായ വൈദ്യുതി ബന്ധവും ടെലികമ്മ്യൂണിക്കേഷനും ജലസേചന സൗകര്യങ്ങളും പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച നാട്ടുകാരോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കൂടാതെ രക്ഷാപ്രവർത്തനത്തിന് ചിനൂക്ക്, എംഐ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയ കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. പ്രദേശത്ത് കുടുങ്ങി കിടന്നിരുന്ന 12,000 ത്തോളം പേരെയാണ് സേന ഇതുവരെ രക്ഷപ്പെടുത്തിയത്.















