വയനാടിനായി കൈകോർത്ത് 140 ഭാഷകളിലെ പാട്ടുകൾ തുടർച്ചയായി ഒൻപത് മണിക്കൂർ പാടി ഗിന്നസ് ബുക്കിലിടം നേടിയ മലയാളി വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിനിയായ സുചേത സതീഷാണ് ഈ മാസം 12-ന് വയനാട്ടിലെ ദുരിതബാധിതർക്കായുള്ള കോഴിക്കോട് ധനസമാഹരണത്തിനായി സംഗീതനിശ സംഘടിപ്പിക്കുന്നത്.
40 ഇന്ത്യൻ ഭാഷകളും 100 വിദേശഭാഷകളിലുമായി ഗാനങ്ങൾ ആലപിച്ചാണ് 18-ാം വയസിൽ ഗിന്നസിൽ ഇടം പിടിച്ചത്. ഇന്ത്യയിൽ അത്ര പരിചിതമല്ലാത്ത ഭാഷകളിലെ ഗാനങ്ങൾ വരെയാണ് സുചേത ആലപിച്ചിരിക്കുന്നത്. യുഎൻ കാലാവസ്ഥ സമ്മേളനത്തിന് ഐക്യദാർഢ്യവുമായി അവതരിപ്പിച്ച് കൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന സംഗീതപരിപാടിയിലാണ് സുചേത 140 ഗാനങ്ങൾ ആലപിച്ച് ലോകത്തെ ഞെട്ടിച്ചത്.
കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമത ആയില്യത്തിന്റെയും മകളാണ് സുചേത. ദുബായ് നോളജ് പാർക്ക് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മീഡിയ വിദ്യാർത്ഥിനിയാണ്. നിരവധി റെക്കോർഡുകളാണ് സുചേതയുടെ പേരിലുള്ളത്.
2021 ഓഗസ്റ്റ് 19-ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 120 ഭാഷകളിൽ പാടി ലോക റെക്കോർഡിട്ടിരുന്നു. 2018-ൽ 102 ഭാഷകളിൽ പാടിയതിനും ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയതിനുമുള്ള യുഎസ് ആസ്ഥാനമായുള്ള വേൾഡ് റെക്കോർഡ് അക്കാദമിയുടെ രണ്ട് അവാർഡുകളും നേടി. ദൈർഘ്യമേറിയ സംഗീതക്കച്ചേരിയിൽ കൂടുതൽ ഭാഷകളിൽ പാടി നേട്ടം കൊയ്തത് 12-ാം വയസ്സിലാണ്.