ഒരുകാലത്തെ ക്ലാസിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബിഎസ്എ ഗോൾഡ് സ്റ്റാർ. പഴയ പ്രൗഢിയിൽ പുതിയ മുഖത്തിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ഈ ബൈക്ക്. ജാവയുടെയും യെസ്‌ഡിയുടെയും നിർമ്മാതാക്കളായ ക്ലാസിക് ലെജൻഡ്‌സ് ഓഗസ്റ്റ് 15-ന് ബിഎസ്എ ഗോൾഡ് സ്റ്റാർ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കും.
അതിന്റെ പോർട്ട്‌ഫോളിയോയ്‌ക്ക് കീഴിലുള്ള മൂന്നാമത്തെ ബ്രാൻഡായിരിക്കും ഇത്. ലോഞ്ച് ചെയ്യുമ്പോൾ ബിഎസ്എ ഗോൾഡ് സ്റ്റാറിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം…
മോട്ടോർസൈക്കിൾ പൂർണ്ണമായും പുതിയതാണെങ്കിലും ബിഎസ്എ ‘ഗോൾഡ് സ്റ്റാർ’ എന്ന പേര് അതിന്റെ ഐക്കണിക് ബ്രിട്ടീഷ് സ്റ്റൈലിംഗ് നിലനിർത്തുന്നു. ക്രോമും മെഷീൻ ചെയ്ത ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ക്ലാസിക് മെറ്റൽ ടാങ്ക് ബൈക്കിന് ലഭിക്കുന്നു. അതേസമയം സിംഗിൾ റൗണ്ട് ഹെഡ്‌ലൈറ്റ്, വീതിയേറിയ ഹാൻഡിൽബാർ, സിംഗിൾ പീസ് സീറ്റ്, ഇരട്ട-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്‌പോക്ക് വീലുകൾ എന്നിവയെല്ലാം ക്ലാസിക് രൂപത്തിന് മാറ്റ് കൂട്ടുന്നു.
45 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന 652 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഗോൾഡ് സ്റ്റാറിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. എഞ്ചിൻ ഒരു വലിയ തമ്പറാണ്. ഇത് മോട്ടോർസൈക്കിളിന്റെ ക്ലാസിക് ആകർഷണം വർദ്ധിപ്പിക്കുന്നു.