ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടക്കുമ്പോൾ സംസ്ഥാന പദവി നൽകുന്നതുൾപ്പെടയുള്ള കാര്യങ്ങളിൽ പ്രതികരിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ പറഞ്ഞതിനനുസരിച്ച് കശ്മീരിലെ ഭാവികാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം അതിർത്തി നിർണയം, പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ്, ഉചിതമായ സമയത്ത് സംസ്ഥാന പദവി എന്ന ക്രമത്തിലാകും കാര്യങ്ങൾ നീങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജൂൺ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ വന്നപ്പോൾ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം ഇവിടെ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉടൻ തന്നെ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ജമ്മു സർവകലാശാലയിലെ മാളവ്യ മിഷൻ അധ്യാപക പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ജമ്മു കശ്മീരിൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വിഘടനവാദ ശക്തികൾക്ക് കശ്മീരിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ, 2024 സെപ്റ്റംബർ 30 നകം കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജമ്മു കശ്മീർ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്.