മലയാളത്തിൽ പുതിയൊരു ദൃശ്യാനുഭവം നൽകിയ ചിത്രമായിരുന്നു സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം. മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ മനോജ് കെ ജയൻ ചെയ്ത ദിഗംബരൻ എന്ന വില്ലൻ കഥാപാത്രം ഇന്നും മലയാളികളെ അത്ഭുതപ്പെടുത്താറുണ്ട്. രൂപംകൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടുമെല്ലാം ദുഷ്ടനായ ദുർമന്ത്രവാദിയായ ദിഗംബരനെ മനോജ് കെ ജയൻ ഗംഭീരമാക്കി. ഈ സിനിമ പൂർത്തിയാക്കിയ ശേഷം തനിക്കുണ്ടായ ഒരു അനുഭവം മനോജ് കെ ജയൻ വെളിപ്പെടുത്തുകയാണ്. ഒരു വല്ലാത്ത കഥാപാത്രമായിരുന്നു ദിഗംബരൻ എന്നും സിനിമ ചെയ്തതിനുശേഷം കടുത്ത പനി തന്നെ ബാധിച്ചുവെന്നും ഒരു അഭിമുഖത്തിൽ നടൻ പറയുന്നു.
“സിനിമ കഴിഞ്ഞിട്ടും കൂട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന്റെ സ്വാധീനം കുറച്ചു ദിവസത്തേക്ക് എന്നിൽ ഉണ്ടായിരുന്നു. അത് അങ്ങനെയൊരു കഥാപാത്രമായിരുന്നു. ചില കഥാപാത്രങ്ങൾ ഒന്നും നമ്മളിൽ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോകില്ല. അനന്തഭദ്രത്തിലെ ദിഗംബരൻ ചെയ്തപ്പോഴും അങ്ങനെ തന്നെയായിരുന്നു. എനിക്ക് പനിയൊക്കെ വന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ ചെന്നൈയിലാണ് താമസം. ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി ഞാൻ വീട്ടിൽ ചെന്നപ്പോൾ എനിക്ക് വല്ലാത്ത പനി. രാത്രിയാവുമ്പോൾ പനി കൂടും”.
“കുറേ ദിവസത്തേക്ക് ഒരു പനിയായിരുന്നു. സിനിമ ഹിറ്റാകുമെന്നതിന്റെ സന്തോഷം അറിയിക്കാൻ പലരും ഫോണിൽ വിളിച്ചു. എന്നാൽ എനിക്ക് ഫോൺ എടുക്കാൻ കഴിയുന്നില്ല, സംസാരിക്കാൻ ആവുന്നില്ല. അതൊരു വല്ലാത്ത കഥാപാത്രമായിരുന്നു. അത് നമ്മളെ കുറച്ചൊക്കെ ബാധിക്കും. മുഴുവൻ ഷൂട്ടിംഗും പൂർത്തിയാക്കിയ ശേഷമാണ് ഇങ്ങനെ ഒരു പനി. അതിന്റെ കാരണമെന്തെന്നറിയില്ല. ഷൂട്ടിങ്ങിന്റെ സമയത്തൊക്കെ വളരെ രസകരമായിരുന്നു. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം വന്നാൽ പോലും എനിക്കത് ചെയ്യാൻ കഴിയില്ല”.
“അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ താല്പര്യമില്ല. അന്നത്തെ ഊർജ്ജമൊന്നും എനിക്ക് ഇല്ല. അതുപോലെ ചെയ്യാൻ കഴിയുമെന്നു ആത്മവിശ്വാസം എനിക്ക് ഇന്നില്ല. അത്യാവശ്യം ആ സിനിമയ്‌ക്കും നിഗംബരൻ എന്ന ക്യാരക്ടർ ഒരു പേരുണ്ട്. അത് അവിടെത്തന്നെ നിൽക്കട്ടെ. അങ്ങനെ തന്നെ നിലനിർത്തണം. അത് വീണ്ടും ചെയ്ത് കുളമാക്കേണ്ട എന്നതാണ് എന്റെ അഭിപ്രായം”-മനോജ് കെ ജയൻ പറഞ്ഞു.















