ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഈയാഴ്ച തന്നെ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നും, അമേരിക്ക ഇതിനെ പ്രതിരോധിക്കാൻ തയ്യാറായിരിക്കുകയാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രസ്താവന.
വിഷയത്തിൽ തങ്ങൾക്കും ആശങ്കകളുണ്ടെന്ന് ജോൺ കിർബി പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ” ഇസ്രായേലിന് പ്രതിരോധം ഒരുക്കുന്ന കാര്യത്തിൽ മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കേണ്ടി വരും. അക്രമം വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. ഇറാന്റെയോ അവരുടെ സഖ്യകക്ഷികളുടെയോ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടാകുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കണം. യുഎസിന് പുറമെ യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളും ഇത്തരം ഭീഷണികൾ ഒഴിവാക്കാൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഉണ്ടായാൽ അത് പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറും. മേഖലയിലെ സംഘർഷം കുറയ്ക്കാനും വെടിനിർത്തൽ കരാറിൽ ഏർപ്പെടാനും ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കും എല്ലാവിധ പിന്തുണയും ഉണ്ടാകും. ഈ ആഴ്ച അവസാനത്തോടെ വീണ്ടും ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ ഈജിപ്ത് പ്രസിഡന്റ്, ഖത്തർ അമീർ എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. വെടിനിർത്തൽ കരാർ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. ഇനിയും സമയം നഷ്ടപ്പെടുത്താനില്ല. ഇറാന്റെയും അവർക്ക് പിന്തുണ നൽകുന്ന തീവ്രവാദ ശക്തികളുടേയും ആക്രമണത്തിനെതിരെ ഇസ്രായേലിന് പ്രതിരോധം ഒരുക്കാനും അവർക്ക് പിന്തുണ നൽകാനും തീരുമാനിച്ചതായും” ജോൺ കിർബി പറയുന്നു.