ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ പങ്കാളികളായത് 5500 പേർ. കഴിഞ്ഞ മാർച്ചിലാണ് യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ് കവറേജ് ലഭിക്കുന്ന ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ ആരംഭിച്ചത്
ഇന്ത്യൻ കോൺസുലേറ്റിന്റെ പദ്ധതിയിൽ അംഗമായ യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ് കവറേജ് ലഭിക്കുന്നതാണ്പദ്ധതി. 18 മുതൽ 70 വയസ് വരെയുള്ള തൊഴിലാളികൾക്ക് പദ്ധതിയിൽ അംഗമാകാം. ഇൻഷൂറൻസ് എടുത്ത വ്യക്തി മരിച്ചാൽ കുടുംബത്തിന് ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ വരെയാണ് നഷ്ടപരിഹാരം ലഭിക്കുക.
അപകടമരണത്തിനൊപ്പം സ്വഭാവിക മരണത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അപകടത്തിൽ ശാരീരിക വൈകല്യമുണ്ടായാലും നഷ്ടപരിഹാരത്തിന് അർഹനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾക്ക് 12000 ദിർഹത്തിന്റെ കവറേജ് ഉൾപ്പെടെയാണ് പദ്ധതി.
37 ദിർഹം, 50 ദിർഹം, 72 ദിർഹം എന്നിങ്ങനെയാണ് വാർഷിക പ്രീമിയം. പ്രീമിയം തുകയ്ക്ക് അനുസരിച്ച് 35000, 50000, 75000 ദിർഹം എന്ന കണക്കിൽ നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളികൾക്ക് വേണ്ടി കമ്പനികളാണ് ഇൻഷൂറൻസ് എടുക്കേണ്ടത്. തൊഴിലാളികൾക്ക് നേരിട്ട് പദ്ധതിയിൽ അംഗമാകാൻ കഴിയില്ല.













