പൊതു ഫലം
രോഹിണി നക്ഷത്രക്കർക്ക് പലവിധത്തിൽ നിർണായകമായ ഒരു സമയമാണ് വരുന്നത്. തർക്കങ്ങളും അസ്വസ്ഥതയും അസ്ഥിരതയും ജന്മത്തിലെ വ്യാഴഫലം. കഴിയുന്നതും കേസ് വഴക്കുകളിൽ നിന്നും അകന്നു നിൽക്കുക. വിഷുവോടു കൂടി ഒരുവിധം പ്രശ്നങ്ങൾ ശമിക്കണം. കണ്ടകശനി കാലമാകയാൽ അതീവ ജാഗ്രത വേണം. ശനിയുടെയും കേതുവിന്റെയും പ്രതികൂല സ്ഥാനം മൂലം ബുദ്ധിമാന്ദ്യം വരെ പ്രതീക്ഷിക്കാം. ഹൃദയ രോഗങ്ങൾ സൂക്ഷിക്കുക. എല്ലാം കൊണ്ടും എന്തിലും ഏതിലും പൊതുവിൽ ഒരു കാര്യതടസം അനുഭവപ്പെട്ടേക്കാം. ചെറിയ നേട്ടങ്ങൾക്ക് പോലും വലിയ രീതിയിൽ ശ്രമിക്കേണ്ടി വന്നേക്കാം.
വിവാഹകാലമായതിനാൽ നല്ല ആലോചന വരും. കുടുംബ സന്താന സന്തോഷങ്ങൾ ഉണ്ടാകാം. തൊഴിലിൽ ചില വെല്ലുവിളികൾ നേരിടാം. ശ്രദ്ധയോടു കൂടി മാത്രം അന്യ സ്ത്രീകളോട് ഇടപെടുക. ഹണിട്രാപ് പോലെയുള്ളവ പ്രതീക്ഷിക്കണം. സാമ്പത്തികമായി വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്ന വർഷമായിരിക്കും എങ്കിലും ക്രയ വിക്രയങ്ങളിൽ വളരെയധികം ശ്രദ്ധിച്ചു ഇടപെടുക. മേലധികാരിയുടെ അപ്രീതി വരാതെ സൂക്ഷിക്കുക. ഏതെങ്കിലും ഡോക്കുമെന്റുകൾ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക, യാത്രകളിൽ തടസ്സം പ്രതീക്ഷിച്ചു തയ്യാറെടുക്കുക.
ചിങ്ങം
വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക, മുറിവ്, ചതവ്, ഒടിവ് എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ ഉള്ളവർ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുക.
കന്നി
അനാവശ്യമായ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ വന്നുചേരും. എന്നിരുന്നാലും ഭൂമി ലാഭം, മേലധികാരിയുടെ പ്രശംസ എന്നിവ ലഭിക്കും.
തുലാം
മാനസികമായി വളരെ അധികം വെല്ലുവിളികൾ നേരിടേണ്ട സന്ദർഭങ്ങൾ ഉണ്ടാവും. ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്. സ്ത്രീമൂലം സാമ്പത്തികലാഭം , മനഃസന്തോഷം എന്നിവ ലഭിക്കും.
വൃശ്ചികം
ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും പരസ്പരധാരണയോട് കൂടി പിരിയാനും തീരുമാനിക്കും. സഹോദരസ്ഥാനത്ത് ഉള്ളവർക്ക് വളരെയധികം ഭാഗ്യ അനുഭവങ്ങൾ വന്നുചേരുന്ന സമയമാണ്.
ധനു
ഈശ്വരവിശ്വാസം വർദ്ധിക്കുകയും പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവസരം ലഭിക്കും. ചിലർക്ക് അപമാനങ്ങൾക്കും സാധ്യതയുണ്ട്. കോടതി വഴി കേസ് വഴക്കുകൾ വരാനും ജയിൽ ശിക്ഷ അനുഭവിക്കാനും യോഗം ഉണ്ട്.
മകരം
കുടുംബക്ലേശം, സർവ്വകാര്യവിഘ്നം, തൊഴിൽക്ലേശം എന്നിവ വർദ്ധിക്കും. കുടുംബത്തിൽ സഹോദരന്മാർ തമ്മിൽ കലഹം, വാസ്തു തർക്കം എന്നിവ നടക്കുവാൻ സാധ്യതയുണ്ട്. ചിലർക്ക് വിദേശയാത്ര, വാസം, ജോലി എന്നിവ അനുഭവത്തിൽ വരാൻ സാധ്യതയുണ്ട്.
കുംഭം
കുടുംബ-ഭാര്യ-പുത്രസുഖം, ബന്ധുജന സമാഗമം, തൊഴിൽലാഭം, സാമ്പത്തിക നേട്ടം, ഉന്നതപദവി, വിവാഹഭാഗ്യം ഒക്കെയും അനുഭവത്തിൽ വരും. ടെസ്റ്റുകൾ എഴുതിയവർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും.
മീനം
ബിസിനസ് ചെയ്യുന്നവർക്ക് എല്ലാ പ്രവർത്തനങ്ങളിലും ലാഭം ലഭിക്കുന്ന കാലമാണ്. ഭക്ഷണസുഖം, ആരോഗ്യം, കുടുംബസൗഖ്യം, പ്രധാനപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള അവസരം, വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക എന്നിവ അനുഭവത്തിൽ വരും.
മേടം
വാഹന ഭാഗ്യം, നവീനഗൃഹം, രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളാൽ അംഗീകരിക്കപ്പെടുക, തൊഴിൽ ചെയ്തിരുന്നവർക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കുക, ലോട്ടറി, നറുക്കെടുപ്പ് വിജയം എന്നിവ പ്രതീക്ഷിക്കാം. ചിലർക്ക് തൊഴിൽ നഷ്ടം, വരവിൽ കവിഞ്ഞ ചെലവ് എന്നിവ ഉണ്ടാകും.
മേടവിഷു സംക്രമഫലമായി തൊഴിലിൽപരമായി ആദരിക്കപ്പെടും.
ഇടവം
അഹങ്കാരം മൂലം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കേണ്ട അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും അമിതമായ ആത്മവിശ്വാസം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. മാനഹാനി, ദ്രവ്യ നാശം, സ്ത്രീകൾ മൂലം അപവാദം എന്നിവ സംഭവിക്കും.
മിഥുനം
മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയിൽ മിതത്വം പാലിച്ചില്ലെങ്കിൽ ജീവിതത്തിൽ വളരെയധികം നഷ്ടങ്ങൾ ഉണ്ടാകുന്ന സമയമാണ്. നേത്രരോഗം, ഭാര്യ സുഖക്കുറവ് എന്നിവ അനുഭവത്തിൽ വരും.
കർക്കടകം
ധാരാളം പണം സമ്പാദിക്കാനുള്ള അവസരം വന്നുചേരും രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വർദ്ധിക്കും. ചിലർക്ക് അഗ്നിമൂലം ആയുധ മൂലവും അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് കാലം മോശമാണ്.
വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2
വിവാഹ സമയം അനുകൂലമായിരിക്കും. ഭാര്യ മൂലം ഗുണാനുഭവങ്ങൾ, വാക്ചാതുര്യം പ്രകടിപ്പിക്കുവാൻ അവസരങ്ങൾ ഒക്കെ ഉണ്ടാകും.
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
കണ്ടക ശനിയുടെ അന്ത്യം കുറിക്കും. ശനി രോഹിണിയുടെ ലാഭസ്ഥാനത്തു വരുന്നത് സാമ്പത്തികമായി പുഷ്ടിപ്പെടുത്തും. സത്സന്താനഭാഗ്യം, ധാരാളം തൊഴിലാളികളെ വെച്ച് ബിസിനസ് നടത്തുവാനുള്ള അവസരം, സർവ്വ കാര്യ വിജയം എന്നിവ ഉണ്ടാകും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
യാത്രയിൽ അപകടങ്ങളോ തടസ്സങ്ങളോ ഉണ്ടാവാൻ സാധ്യത ഉണ്ട്. അനധികൃത സ്വത്ത് സമ്പാദിക്കും.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും “കൃത്യമായ” ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഈ വർഷം സുഗമമായി കടന്നു പോകുവാൻ ശനിയുടെയും ചന്ദ്രന്റെയും സ്ഥാനം നോക്കി പരിഹാരം ചെയുന്നത് അനിവാര്യമാണ്. ശനി, രാഹു, കേതു ദശാപഹാരമോ അന്തർദശാപഹാരമോ നടക്കുന്നവർക്കും പരിഹാരങ്ങൾ അത്യാവശ്യമാണ്. പൗർണമിക്ക് ചന്ദ്രഭഗവാനെ തൊഴുന്നതും തിങ്കളാഴ്‌ച ദിവസം ചന്ദ്രപൊങ്കാല അനുഷ്ഠിക്കുന്നതും ദുരിതങ്ങൾ കടന്നു കിട്ടാൻ സഹായകമാകും. ദുർഗ്ഗാ, ശിവപാർവതി ക്ഷേത്രങ്ങളിൽ തൊഴുന്നതും ഗുണകരമാണ്. ദശാപഹാരത്തിനു അനുസൃതമായി അഭിഷേകങ്ങൾ നടത്തുന്നതും ഗുണകരമാകുന്നു. തിങ്കളാഴ്ച് വ്രതം, വെളുത്ത ഭക്ഷണപദാർത്ഥങ്ങൾ (പാൽ, അരി) അർഹരായവർക്ക് ദാനം ചെയ്യുന്നതും ഉത്തമം.
രോഹിണി, അത്തം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. തിങ്കളാഴ്ചയും രോഹിണിയും വരുന്ന ദിവസവും പൗർണമിക്കും ഉപവസിക്കുക. പൗർണമിക്ക് ദുർഗ്ഗാദേവിയെയും, അമാവാസിക്ക് ശ്രീഭദ്രകാളിയെയും വണങ്ങുക. ചന്ദ്രനും, ശുക്രനും പ്രത്യേക പൂജകൾ നടത്തുന്നത് വലിയ മാറ്റങ്ങൾ കൊണ്ട് വരും. ശനിദശാകാലത്തു പൂർണ സസ്യാഹാരം കഴിക്കുന്നത് ശനി അനുകൂലമാക്കാൻ സഹായിക്കും. ഈ കാലാവളവിൽ മദ്യവും മറ്റു ആസക്തികളും തീർത്തും ഒഴിവാക്കിയില്ല എങ്കിൽ ശനിയുടെ ദുരിതങ്ങൾ പലമടങ്ങ് വർദ്ധിച്ചേക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Yearly Prediction by Jayarani E.V















