കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധപ്പെടുത്തുക. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടാണിത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാനില്ലെന്ന് നിർമാതാവ് അറിയിച്ച സാഹചര്യത്തിൽ മറ്റന്നാൾ മറ്റ് തടസങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
233 പേജുള്ള ഹേമകമ്മിറ്റിയുടെ റിപ്പോർട്ടാണ് മറ്റന്നാൾ പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയാകും പ്രസിദ്ധീകരണം. പേജ് നമ്പർ 49 ലെ 96 മത്തെ ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഒഴിവാക്കും. ചില നിർണായക മൊഴികൾ ഉൾപ്പെടുന്ന അനുബന്ധവും പ്രസിദ്ധീകരിക്കില്ല. കഴിഞ്ഞ മാസം 24ന് ഇതേരീതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജി നൽകി റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്‌റ്റേ വാങ്ങിയത്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. 2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കമ്മിറ്റി രൂപീകരിച്ചത് ഇടത് സർക്കാർ വലിയ നേട്ടമായി അവകാശപ്പെട്ടെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ ഉൾപ്പടെ സർക്കാർ താത്പര്യം കാണിച്ചിരുന്നില്ല. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നാലര വർഷത്തിനൊടുവിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.















