മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മാറാനൊരുങ്ങുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടീമിന്റെ നായകസ്ഥാനം വേണമെന്ന താരത്തിന്റെ നിബന്ധന തിരിച്ചടിയായതോടെ നീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2026ലെ ഐപിഎല്‍ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഹാര്‍ദിക് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഹാര്‍ദിക്കിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന്‍ ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക്കിന്റെ തിരിച്ചുവരവില്‍ ഗില്ലിന് എതിര്‍പ്പില്ലായിരുന്നെങ്കിലും നായകസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ഉടലെടുത്തത്.
ഹാര്‍ദിക്കിനെ കളിക്കാരനെന്ന നിലയില്‍ ടീമിലെത്തിക്കാന്‍ തയ്യാറാണെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് ഗുജറാത്ത് മാനേജ്മെന്റ് സ്വീകരിച്ചതെന്നാണ് സൂചന. ഇതോടെ താരത്തിന്റെ ഗുജറാത്തിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിലായി.
ഗുജറാത്തിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുമായും 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് ട്രേഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചു. താരം നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും, എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സിലൂടെയായിരിക്കുമെന്നും വക്താവ് വ്യക്തമാക്കി.
രോഹിത് ശര്‍മയ്‌ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ നായകനായതിനു പിന്നാലെ ഹാര്‍ദിക്കിന് ആരാധകരില്‍നിന്ന് വലിയ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. രോഹിത്തിന് ലഭിച്ചിരുന്ന സ്വീകാര്യത ടീമിനകത്തും ഹാര്‍ദിക്കിന് നേടാനായില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2026 സീസണിന് ശേഷം ടീമിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന താരങ്ങളില്‍ ചിലരെ ഒഴിവാക്കാനും മുംബൈ ഇന്ത്യന്‍സ് ആലോചിക്കുന്നതായാണ് സൂചന.
2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഹാര്‍ദിക്. 2023ലും ടീമിനെ ഫൈനലിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നിബന്ധന തന്നെ തടസ്സമായി മാറിയിരിക്കുകയാണ്.















