പൊതുഫലം
അത്തം നക്ഷത്രക്കാർക്ക് നിർണായകമായ വർഷമായിരിക്കും. ഭൂമി/വാഹനലാഭം ഒക്കെയും ഉണ്ടാകാൻ സാധ്യത. കഠിനപ്രയത്നത്തിനു ഫലം ലഭിക്കും. ജോലിയിൽ സ്ഥാനനഷ്ടമോ സ്ഥലമാറ്റമോ ഉണ്ടാവും. ദീർഘനാളായി സന്താനത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാവും. രോഗങ്ങൾ അലട്ടുന്നതിനു വിദഗ്ധമായ ചികിത്സയിൽ ആശ്വാസം ലഭിക്കും. കഫ, വാതപിത്ത രോഗങ്ങൾ ഉള്ളവർ വിദഗ്‌ധ ചികിത്സ തേടുന്നത് നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതി ഉയരും. ബിസിനസ്സുകാർക്ക് വളർച്ച ഉണ്ടാകും.
ചിങ്ങം
സുഹൃത്തുക്കളുമായി കലഹം, നല്ലത് ചെയ്താലും മോശം പേര് കേൾക്കേണ്ടി വരിക എന്നിവ അനുഭവത്തിൽ വരും. കുടുംബത്തിൽ അനാവശ്യമായ സംസാരം കാരണം മാറി നിൽക്കേണ്ട അവസ്ഥ എന്നിവ സംജാതമാകും.
കന്നി
കുടുംബത്തിൽ മരണസമാനമായ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യമായ കോപശീലം ശത്രുത വരുത്തിവയ്‌ക്കും. ജന്മഗ്രഹനിലയിൽ ആദിത്യൻ നിൽക്കുന്ന സ്ഥാനം നോക്കി പരിഹാരം ചെയ്തില്ലെങ്കിൽ ശിരോരോഗം രൂക്ഷമാകും.
തുലാം
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. കുടുംബജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും.
വൃശ്ചികം
വളരെ കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ മാറി രോഗശാന്തി ലഭിക്കും നവീന ഗൃഹയോഗം, ധനലാഭം, ശത്രുഹാനി, സൽസുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും സഹായസഹകരണങ്ങൾ കിട്ടുകയും ചെയ്യും. ഭാര്യ-ഭത്തൃ-സന്താനസൗഖ്യം പ്രതീക്ഷിക്കാം.
ധനു
സഹോദരസ്ഥാനത്ത് വിയോഗം ഉണ്ടാകാൻ യോഗമുള്ള അവസ്ഥാവിശേഷം ജീവിതത്തിൽ സംജാതമാകും. ഗുരുവിന്റെ അനുഗ്രഹം, പുത്ര ഭാഗ്യം, സൈനിക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വിശിഷ്ട മെഡലുകൾ എന്നിവ ലഭിക്കുവാൻ യോഗമുണ്ട്. ചിലർക്ക് രക്ഷാപ്രവർത്തനം വഴി കീർത്തി ലഭിക്കും.
മകരം
രക്തസംബന്ധമായ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിന് ക്ലേശകരമായ അനുഭവങ്ങൾ, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. ഏതെങ്കിലും തരത്തിലുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ അത് പ്രതികൂലമായി ബാധിക്കും.
കുംഭം
നിഗൂഢ ശാസ്ത്രങ്ങളിൽ അറിവ് സമ്പാദിക്കുവാനും ഗുരുവിനെ കണ്ടെത്തുവാനും സാധിക്കും. മന്ത്ര തന്ത്രങ്ങളിൽ നേടുവാനുള്ള അവസരങ്ങൾ വന്നുചേരും. സ്ത്രീവിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം, അപമാനം എന്നിവ കേൾക്കേണ്ടിവരും.
മീനം
സ്ത്രീകളുമായി വിരോധം ഉടലെടുക്കും. സർക്കാർ സംബന്ധമായി നടപടിക്രമങ്ങളിൽ പെടേണ്ടി വരും. ശരീരത്തിൽ വീഴ്ച മൂലമോ അപകടങ്ങൾ മൂലമോ ക്ഷതങ്ങൾ മുറിവുകൾ ഒടിവുകൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്.
മേടം
കുടുംബ ബന്ധുജനഹാനി അല്ലെങ്കിൽ അവരുമായി കലഹം ഉണ്ടാകും. അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരിക ഭാര്യാഭർതൃ കലഹം ശ്വാസകോശ രോഗങ്ങൾ, അഗ്നിഭയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. സ്ഥാപനങ്ങളിൽ എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ വരിക, സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാവുക എന്നിവ ഉണ്ടാവും .
മേടവിഷു സംക്രമഫലമായി അലങ്കാരവസ്തുക്കളുടെ വർദ്ധനവും വാഹനലാഭവും ഉണ്ടാവും
ഇടവം
പിതാവിനോ പിതൃബന്ധുക്കൾക്കോ രോഗമോ അരിഷ്ടതയോ വന്നു ആശുപത്രിവാസം ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ഭാഗ്യക്കുറവ് അനുഭവപ്പെടും. സുഹൃത്തുക്കളുമായി കലഹം, മിത്രങ്ങൾ ശത്രുക്കളായി തീരുക, മനഃശാന്തിക്കുറവ് എന്നിവ അനുഭവപ്പെടും.
മിഥുനം
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ചിലർക്ക് ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം, അപവാദം എന്നിവ കേൾക്കുവാൻ ഇടവരും. സംസാരം മൂലം പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകും.
കർക്കടകം
ശരീരസുഖം വർദ്ധിക്കും. ധാരാളം തൊഴിലാളികളെ വെച്ച് സ്ഥാപനം നടത്തുവാനുള്ള ആഗ്രഹം സഫലീകരിക്കപ്പെടും. കുടുംബ വക സ്വത്തുക്കൾ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ പ്രീതി നേടുവാൻ സാധിക്കും. ചിലർക്ക് ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കുവാൻ സാധിക്കും.
വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2
സ്ഥാനനഷ്ടം, അലസത, അനുഭവക്കുറവ്, നേത്ര രോഗങ്ങൾ എന്നിവ അലട്ടും. ജാതകത്തിൽ വ്യാഴം ബലമില്ലാത്തവർക്കു സന്താന തടസ്സം, സന്താനങ്ങളെ കൊണ്ട് ദോഷഫലങ്ങൾ എന്നിവ ഉണ്ടാവും.
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
വിദേശവാസം അനുഭവത്തിൽ വരും എന്നാൽ സ്ത്രീ മൂലം മാനഹാനി, കുടുംബ കലഹം, മനസ്സ്വസ്ഥത കുറയുക എന്നിവ ഉണ്ടാകും. ശനിയുടെ രാശിമാറ്റം കന്നിക്കൂറുകാർക്ക് കണ്ടകശനി ആരംഭം കുറിക്കും. ജീവിത പങ്കാളിക്ക് വിരഹമോ, ആരോഗ്യപ്രശ്നങ്ങളോ നൽകും. അന്യസ്ത്രീ ബന്ധം, വിവാഹ തടസ്സം, യാത്രയിൽ അപകടങ്ങൾ, കുടുംബ സ്വസ്ഥതകുറവ് എന്നിവ ഉണ്ടാക്കും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
വളരെ സന്തോഷകരമായ വാർത്തകൾ ഉണ്ടാകും. പ്രവചനാതീതമായ ചില അതീന്ദ്രിയ പ്രവർത്തനങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും വളരെ പ്രധാനപ്പെട്ട ചില ഉൾകാഴ്‌ചകൾ ഉണ്ടാകുകയും ചെയ്യും. നഷ്ട സ്‌ഥാനത്തുള്ള കേതുവിന്റെ രാശിമാറ്റം മാതാവിനോ മാതൃ ബന്ധുക്കൾക്കോ കഷ്ടതയും അരിഷ്ടതയും വരുന്ന സമയമാണ്.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
കർമ്മ മേഖലയിൽ ഈ വർഷം പകുതിയോടെ വെല്ലുവിളികൾ നേരിടേണ്ട അവസ്ഥ ഉണ്ടാകും പലർക്കും ഒറ്റപ്പെട്ട പോകുന്ന അവസ്ഥ സംജാതമാകും. ശനി, കേതു, രാഹു ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരം ചെയേണ്ടതാകുന്നു. ചന്ദ്രനെയും ബുധനെയും പ്രീതിപ്പെടുത്തണം. ചന്ദ്രമന്ത്രം ജപിക്കുക. തിങ്കളാഴ്ചകളിൽ വെള്ള വസ്ത്രത്തിൽ ശിവ ക്ഷേത്ര ദർശനം അല്ലെങ്കിൽ ബുധനാഴ്ചകളിൽ പച്ചവസ്ത്രം ധരിച്ചു വിഷ്ണുക്ഷേത്ര ദർശനം ഗുണം ചെയ്യും. പൗര്ണമിക്ക് ഉപവാസം ഉത്തമം. രോഹിണി, തിരുവോണം, അത്തം നക്ഷത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തണം. ദുർഗ്ഗാ, ഗണേശ, ആദിത്യ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പോകുക. അത്തം നക്ഷത്രം തിങ്കളാഴ്ച വരുമ്പോൾ ദുർഗ്ഗാദേവിക്ക് നെയ്‌വിളക്കു തെളിയിക്കുക.
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V















