വരുന്ന വനിതാ ടി20 ലോകകപ്പ് വേദി ബംഗ്ലാദേശിൽ നിന്ന് യുഎ.ഇയിലേക്ക് മാറ്റി ഐസിസി. ആഭ്യന്തര കലാപത്തെ തുടർന്നാണ് തീരുമാനം . ഇത് രണ്ടാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. 2021 ൽ പുരുഷന്മാരുടെ ടി20 ലോകകപ്പ് യുഎഇയിൽ നടന്നിരുന്നു.
ഷാർജയിലും ദുബായിലുമാകും മത്സരങ്ങൾ നടക്കുക. ഓക്ടോബർ മൂന്നിന് തുടങ്ങി 20ന് അവസാനിക്കും. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അല്ലാർഡിസ് ആണ് മാറ്റം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിന് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനാകാത്തത് ലജ്ജാകരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സമീപഭാവിയിൽ അവർക്ക് അവസരം നൽകുമെന്നും ഐസിസി അറിയിച്ചു.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ലൻഡ് എന്നീ പത്ത് ടീമുകൾ തമ്മിലുള്ള 20 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും, വിജയികൾ ഫൈനലിലേക്കും.















