ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിന് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത്. കമല ഹാരിസ് ശക്തയായ സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു. പതിനാറ് വർഷങ്ങൾക്ക് മുൻപ് ജോ ബൈഡനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്നും, അദ്ദേഹം വളരെ നല്ലൊരു നേതാവാണെന്നും ബരാക് ഒബാമ പ്രശംസിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കമല ഹാരിസിനോട് പരാജയപ്പെടുമെന്ന് ഭയന്ന് ട്രംപ് ഗൂഢാലോചനകൾ നടത്തി വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിന്റെ രാഷ്‌ട്രീയം നടപ്പാക്കാനാണ് ട്രംപ് എപ്പോഴും ശ്രമിക്കുന്നത്. അത്തരത്തിൽ രാജ്യത്തെ നശിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്ന ഒരാളെ അടുത്ത നാല് വർഷത്തേക്ക് കൂടി അമേരിക്കയ്ക്ക് ആവശ്യമില്ല. നുണകളാൽ കെട്ടിപ്പൊക്കിയ കൂടാരത്തിലാണ് ട്രംപ് ഉള്ളത്.
ഈ രാജ്യം വിഭജിക്കപ്പെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു. രാഷ്‌ട്രീയത്തിൽ ട്രംപ് എല്ലായ്‌പ്പോഴും പിന്തുടരുന്ന തന്ത്രമാണിത്. ഒരിക്കൽ ഈ രാജ്യം അദ്ദേഹത്തിന്റെ ഭരണം കണ്ടിട്ടുള്ളതാണ്. ഇനി ഒരിക്കൽ കൂടി അത് ആരും ആഗ്രഹിക്കുന്നില്ല. സ്ത്രീവിരുദ്ധതയും വംശീയ വിദ്വേഷം ഉണ്ടാക്കുന്നതുമായ പരാമർശങ്ങളാണ് ട്രംപ് എപ്പോഴും നടത്തുന്നത്. അത്തരം പ്രസ്താവനകളിലൂടെ ഭീഷണി മുഴക്കുന്ന രീതിയാണ് ട്രംപിനുള്ളത്.
കമല ഹാരിസിന് ഈ രാജ്യത്തെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അവർ ഒരിക്കലും അവരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. മറിച്ച് നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് അവർ ശ്രമിക്കുന്നത്. തനിക്കെതിരെ നിൽക്കുന്നവരെ ഒരിക്കലും അവർ ശിക്ഷിക്കാറില്ല. രാജ്യത്തെ എല്ലാവരേയും ഒരുപോലെ കാണുന്ന പ്രസിഡന്റിനെയാണ് നമുക്ക് ആവശ്യം. ഈ രാജ്യത്തിന്റെ നല്ല ഭാവിയ്‌ക്ക് വേണ്ടി പ്രയത്‌നിക്കാൻ അവർക്ക് കഴിയുമെന്നും” ബരാക് ഒബാമ പറഞ്ഞു.















