മഴക്കാലമായാൽ പിന്നെ വരിവരിയായി രോഗങ്ങളുടെ നീണ്ടനിരയും മുന്നിലുണ്ടായിരിക്കും. ഈ സമയങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി സാധാരണ പഴമക്കാർ ലേഹ്യങ്ങളും മറ്റുമാണ് തെരഞ്ഞെടുക്കുന്നത്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി സഹായിക്കുന്ന ഒരു ആയുർവേദ രസായനൗഷധമാണ് ച്യവനപ്രാശം. ഇന്നത്തെ തലമുറയ്‌ക്ക് അധികം പരിചയമില്ലാത്ത ച്യവനപ്രാശത്തിന്റെ ഗുണങ്ങൾ അറിയാം..
മഴക്കാലത്ത് പിടിപ്പെടുന്ന ജലദോഷം, നീരിറക്കം, ചുമ എന്നിവ അകറ്റി നിർത്താൻ സഹായിക്കുന്ന ഔഷധമാണ് ച്യവനപ്രാശം. ധാരാളം ഔഷധ സസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും കൂട്ടിയുണ്ടാക്കുന്ന ഈ ലേഹ്യം അണുബാധകൾ അകറ്റി നിർത്താൻ സഹായിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഔഷധമാണിത്.
നേരിട്ട് ഇത് കഴിക്കാമെങ്കിലും ചുടു പാലിൽ ചേർത്ത് കഴിക്കുന്നതായിരിക്കും ഉത്തമം. മുതിർന്നവർ ദിവസവും ഒരു ടീസ്പൂൺ വീതം രണ്ട് നേരവും, കുട്ടികൾ അര ടീസ്പൂൺ വീതം രണ്ട് നേരവും ഇത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വിറ്റാമിൻ സിയുടെ കലവറയാണ് ച്യവനപ്രാശം. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന നെയ്യ് പോഷക ഗുണങ്ങൾ നൽകുന്നു. ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ഈ ഔഷധം കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഡോക്ടർ ശ്രീവാസ്തവ പറയുന്നത്. അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നതിന് മുമ്പായി ചേരുവകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.















