കാട്ടാക്കട: മദ്യപിച്ച് ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഇന്ന് വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം. പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മൻസിലിൽ റഫീഖാണ് (55) മരിച്ചത്.
നെടുമങ്ങാട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ ഇടിച്ചത് . ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഡ്രൈവർ തെറിച്ച് സമീത്തെ മതിലിൽ ഇടിച്ച് താഴെവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച രണ്ട് കാർ യാത്രികരെയും നാട്ടുകാർ പിടികൂടി.
ഇവരെ കാട്ടാക്കട പൊലീസിന് കൈമാറി. ഇരുവരും മദ്യപിച്ചിരുന്നതായും കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.റഫീഖിന്റെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.