വാഷിംഗ്ടൺ : യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സഹായിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് വൈറ്റ്ഹൗസ്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തേയും അമേരിക്ക സ്വാഗതം ചെയ്യുകയാണെന്നും, ഇന്ത്യ യുഎസിന്റെ ശക്തരായ പങ്കാളിയാണെന്നും നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി പറഞ്ഞു.
” യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്നത് ഞങ്ങൾ വലിയ പരിഗണന കൊടുക്കുന്ന വിഷയമാണ്. അങ്ങനെയുള്ളപ്പോൾ ഏതൊരു രാജ്യവും ആ ശ്രമവുമായി മുന്നോട്ട് വന്നാലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകളും സംഭാഷണങ്ങളും നടത്തി ഈ പ്രശ്‌നം അവസാനിപ്പിക്കാൻ സാധിക്കണം. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിച്ചിരിക്കുകയാണ്.
ഇന്ത്യ അമേരിക്കയുടെ ശക്തരായ പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അതുപോലെ തന്നെയാണ്. കാരണം അദ്ദേഹം കീവിലേക്ക് പോവുകയും പ്രസിഡന്റ് സെലൻസ്‌കിയുമായി സംസാരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഞങ്ങളും വീക്ഷിക്കുന്നു. ഈ കൂടിക്കാഴ്ചകൾ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചേക്കുമെന്നാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും” ജോൺ കിർബി പറയുന്നു.
1992ൽ ഇന്ത്യയും യുക്രെയ്‌നും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌നിലെത്തുന്നത്. യുക്രെയ്ൻ-റഷ്യ സംഘർഷം ചർച്ചകളിലൂടെ തന്നെ പരിഹരിക്കണമെന്ന നിലപാട് സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷരായിരുന്നില്ലെങ്കിലും, എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, സെലൻസ്‌കിയോട് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഏത് പങ്ക് വഹിക്കുന്നതിനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം സെലൻസ്‌കിയോട് പറഞ്ഞു.