കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ (Doomsday fish) ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് പൊതുധാരണ. അതുകൊണ്ടാണ് ഈ മത്സ്യത്തെ ഡൂംസ്ഡേ എന്ന് വിശേഷിപ്പിക്കാൻ കാരണവും. ഈ ധാരണയെ ശരിവയ്ക്കുന്ന സംഭവമാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാലിഫോർണിയയിൽ ഡൂംസ്ഡേ മത്സ്യത്തെ കണ്ടെത്തി രണ്ട് ദിവസത്തിനകം ലോസ് ഏഞ്ചൽസിൽ (Los Angeles) ഭൂചലനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാൽ പ്രദേശത്ത് ആളപായമുണ്ടായില്ല. ഡൂംസ്ഡേ മത്സ്യത്തെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം വരാൻ പോകുന്നുവെന്നാണ് ചിലർ വിശ്വസിക്കുന്നത്. ജാപ്പനീസ് ജനതയാണ് പൊതുവെ ഈ വിശ്വാസത്തെ പിന്തുടരാറുള്ളത്.
പാഡിൽ ബോർഡേഴ്സ് കണ്ടെത്തിയ മത്സ്യം നിലവിൽ അമേരിക്കയിലെ ശാസ്ത്ര ഏജൻസിയായ National Oceanic and Atmospheric Administration-ൽ ഉണ്ട്. മത്സ്യം ചത്തുപൊങ്ങാനുള്ള കാരണം ഇതുവരെയും ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല. 12.25 അടി നീളവും 33 കിലോ തൂക്കവുമുള്ള ഡൂംസ്ഡേ മത്സ്യത്തെയായിരുന്നു ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്. ആഴക്കടൽ മത്സ്യമാണ് ഡൂംസ്ഡേ.