ബെംഗളൂരു: പ്രസവം കഴിഞ്ഞ ആദ്യനാളുകളിൽ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് തടഞ്ഞുവെന്നാരോപിച്ച് ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ആരോപണങ്ങൾ നിസാരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്‌റ്റിസ് എം നാഗപ്രസന്ന അന്വേഷണം സ്റ്റേ ചെയ്തത്.
അന്വേഷണം തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗത്തിന് തുല്യമാകുമെന്ന് കോടതി വ്യക്തമാക്കി. അതിനാൽ അന്വേഷണം തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും കോടതിയിൽ ഉറപ്പുനൽകിയതിനെ തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനും ജോലിയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു.
പ്രസവം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഫ്രഞ്ച് ഫ്രൈസും ചോറും ഇറച്ചിയും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ കുട്ടി ജനിക്കുന്നതിന് മുമ്പ് യുഎസിൽ താമസിച്ചിരുന്ന സമയത്ത്, വീട്ടുജോലികളെല്ലാം ചെയ്യാൻ ഭാര്യ തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ഭർത്താവും വാദിച്ചു. പരാതി നിസ്സാരമാണെന്ന് വാദിച്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു യുവാവിന്റെ ഹർജി. ഭാര്യയുടെ പരാതിയെത്തുടർന്ന് യുഎസിൽ ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു.















