ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘വിജ്ഞാൻ ധാര’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്കും ഇൻ്റേൺഷിപ്പിന് അവസരം നൽകുന്നതാണ് പുതിയ പദ്ധതി.
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും മനുഷ്യ ശേഷി വർദ്ധിപ്പിക്കലും, ഗവേഷണവും വികസനവും, നവീകരണവും സാങ്കേതിക വികസനവിന്യാസവും എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. 2021 -22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ വിജ്ഞാന് ധാരയുടെ നിർദിഷ്ട അടങ്കൽ 10,579 കോടിയാണ്.
രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക വിദ്യ, നൂതന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണ-വികസന ലാബുകൾ വികസിപ്പിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തെ ശക്തിപ്പെടുത്താനും കാരണമാകും. ശാസ്ത്ര സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രീകൃതമായ ഇടപെടലുകൾ നടത്തും.
ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ തലങ്ങളിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, തുടങ്ങുന്നിതന് ആവശ്യമായ ഇടപെടലുകൾ നടത്താനും പദ്ധതി നിർണായകമാകും. പദ്ധതിയുടെ ഗവേഷണ വികസന ഘടകങ്ങൾ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനുമായി യോജിപ്പിക്കും. വിജ്ഞാൻ ധാര പദ്ധതിക്ക് കീഴിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പരിപാടികളും വികസിത് ഭാരതത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.















