ജെറുസലേം: ഇസ്രായേൽ-ലെബനൻ സംഘർഷം രൂക്ഷമാകുന്നു. രാജ്യത്ത് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് വൻതോതിലുള്ള വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സൈനിക നീക്കം. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കാണ് വ്യോമാക്രമണം അഴിച്ചുവിട്ടത്.
പശ്ചിമേഷ്യയിലെ വെടിനിർത്തൽ ധാരണകൾക്ക് വിള്ളൽ ഏൽപ്പിക്കുന്നതാണ് ഹിസ്ബുള്ളയുടെ നീക്കം. 320-ലേറെ കത്യുഷ റോക്കറ്റുകൾ ഇസ്രായേലിലേക്ക് വർഷിച്ചുവെന്ന് ഹിസ്ബുള്ള അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ മറുപടിയാക്രമണം. കഴിഞ്ഞ മാസമായിരുന്നു ഹിസ്ബുള്ളയുടെ നേതാവ് ഫൗദ് ഷുക്കർ കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയും ഇസ്രായേലിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു.
നിലവിൽ തെക്കൻ ലെബനൻ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ലെബനനിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ലെബനനിൽ നിന്നുള്ള അധികൃതർ പറയുന്നു. ഇസ്രായേലിന്റെ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഹമാസിന് പിന്തുണയുമായി എത്തിയ ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനെതിരെ തിരിയുകയായിരുന്നു.