കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കുറെ വസ്തുതകൾ സർക്കാർ മറച്ചു വെച്ച വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്തെത്തി.
“വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് കുറേ കടലാസുകൾ സർക്കാർ അമുക്കി വെച്ചെന്നും എന്തിനായിരുന്നു ഇത് .?? സർക്കാർ ഇരയുടെ കൂടെ ആണെന്നാണ് പറയുന്നത്. എന്നാൽ അവർ അങ്ങനെ ആണോ..?”. അദ്ദേഹം ചോദിച്ചു.
മുകേഷിന്റെ കാര്യത്തിൽ ഇടതുപക്ഷം പുനർചിന്തനം നടത്തേണ്ടതാണ്. അദ്ദേഹത്തെ നയരൂപീകരണ കമ്മിറ്റിയിൽ ഇപ്പോഴും വെച്ചിരിക്കുകയാണ്. ഇതിൽ എന്ത് മെച്ചമാണെന്ന് അറിയില്ല. ഹേമ കമ്മിഷൻ അല്ലാതെ ഹേമാ കമ്മിറ്റിയെയാണ് വെച്ചത്. കമ്മിറ്റി വളരെ ശക്തിയുള്ള ഏർപ്പാടല്ല. കമ്മിഷൻ ആയിരുന്നുവെങ്കിൽ വളരെ ബലമുള്ളതാണ്. അവർക്ക് പല നടപടികളും മറ്റൊരാളോട് ചോദിക്കാതെ സ്വയമേവ എടുക്കാൻ കഴിയുമായിരുന്നു.മുകേഷിനെ പാർട്ടി രാജിവെപ്പിക്കണം. അതിനൊന്നും ഇടവരുത്താതെ മുകേഷ് സ്വയം മാറി നിൽക്കുന്നതായിരിക്കും മുകേഷിന് നല്ലത്.
ഹേമാ കമ്മിറ്റിയിൽ കുറേ ഭാഗങ്ങൾ ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും എത്രയോ ആളുകൾ വരാനുണ്ട് എന്നാണ് ഊഹിക്കേണ്ടത്. ഊഹിക്കാനിടവരുത്താതെ എല്ലാ കാർഡുകളും മേശപ്പുറത്ത് ഇടുന്നതാണ് എല്ലാവർക്കും നല്ലത്. നമ്മൾ മനസ്സിൽ സൂക്ഷിച്ചുവെച്ച ബിംബങ്ങളല്ലേ നിത്യേന ഉടഞ്ഞു വീഴുന്നത്- ടി. പത്മനാഭൻ പറഞ്ഞു.
അമ്മ എന്ന സംഘടന എന്തിനായിരുന്നു. താര ഷോ സംഘടിപ്പിക്കും, ദരിദ്രരായ കലാകാരന്മാർക്ക് മാസവേതനങ്ങൾ നൽകും തുടങ്ങിയവയായിരുന്നു സംഘടന ചെയ്തു വന്നിരുന്നത്. എന്നാൽ ഇതിന്റെയൊക്കെ മറവിൽ ചെയ്തിരുന്നത് വളരെ സങ്കടകരമായ പ്രവൃത്തികളല്ലേ? ഇപ്പോൾ ഓരോന്നോരോന്നായി പുറത്തുവന്നിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവർ ചർച്ച ചെയ്തിട്ടേ ഇല്ലാല്ലോ. അറിഞ്ഞ ഭാവം തന്നെ വന്നത് ഇപ്പോഴല്ലേ. ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഒരു ഉപകാരം എന്ന് സ്വയം ചോദിച്ചു പോകുന്നില്ലേ- പത്മനാഭൻ ചോദിച്ചു.
ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ടി പദ്മനാഭൻ















