ഗണങ്ങളുടെ അധിപനാണ് ഗണപതി. ഗണപതി ഭഗവാനെ വന്ദിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ തടസങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. ഗണപതി ക്ഷേത്ര ദർശനവും അത്യുത്തമം. കേരളത്തിന് പുറത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പുരാതനവുമായ ക്ഷേത്രമാണ് പിള്ളിയാർപട്ടി കർപ്പക വിനായക ക്ഷേത്രം.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചത്. ഗുഹാക്ഷേത്രമെന്ന് തോന്നിപ്പിക്കും വിധത്തിൽ പാറ തുരന്നാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തമിഴകത്തിന്റെ പ്രതീകമായ തഞ്ചാവൂർ ക്ഷേത്രം പണികഴിപ്പിച്ച രാജരാജ ചോളനും പാണ്ഡ്യ രാജവംശവും ദക്ഷിണേന്ത്യൻ പൈതൃകത്തിന് നൽകിയ സംഭാവനകളുടെ സാക്ഷ്യമാണ് കർപ്പക വിനായകർ ക്ഷേത്രം.
ഉള്ളിലെ പ്രാകാരത്തിലാണ് ഗണേശ ഭഗവാൻ. രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹമാണിവിടെ. അത്യപൂർവമായ ഈ വിഗ്രഹം ലോകത്ത് തന്നെ രണ്ടിടത്ത് മാത്രമേയുള്ളൂ. വലംപിരി ഗണപതിയാണ്. ആറടി ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള മൂർത്തിയാണ്. നാല് കൈകൾ ഉള്ളതിൽ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ്. വലതുകരങ്ങളിലൊന്നിൽ ശിവലിംഗമുണ്ട്. എല്ലാ മാസവും ചതുർത്ഥിനാളിൽ മൂഷികവാഹനത്തിൽ ഗണേശഭഗവാനെ ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളിക്കും. സമനാതകളില്ലാത്ത വിനായകൻ കൽപകവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്നതിനാലാണ് കർപ്പക വിനായകൻ എന്നറിയപ്പെടുന്നത്.
വടക്ക് ഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകമുണ്ട്. രാവിലെ ആറ് മുതൽ 6.30 വരെ തിരുവാണ്ടാൾ അഭിഷേകം, രാവിലെ 8.30-9.30 വരെ കാലശാന്തി അഭിഷേകം, 11.30-12 മണി വരെ ഉച്ചൈക്കാല അഭിഷേകം, വൈകുന്നേരം 5.30-6.30 വരെ മാലൈശാന്തി പൂജ, രാത്രി എട്ട് മുതൽ 8.30 വരെ ഇരവരുശാന്തി അഥവ അർദ്ധയാമ പൂജയും നടത്തുന്നു.
കർപ്പക വിനായകനെ ആരാധിച്ചാൽ സർവ പാപവും നീങ്ങുമെന്നാണ് വിശ്വാസം. വിവാഹം, സന്താനലബ്ധി, വിദ്യാഭ്യാഗം എന്നിവയ്ക്കായി നിരവധി പേരാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. വിവാഹ തടസം മാറാനായി ഇവിടെയെത്തി കാർത്ത്യായനി ദേവിയെ ഭജിക്കുന്നത് ഉചിതമാണ്.
ശിവ ഭഗവാന്റെയും ലിംഗോദ്ഭവരുടെയും കല്ലി കൊത്തിയെടുത്ത വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഒരു പശു ശിവന് നിവേദ്യമായി പാൽ അർപ്പിക്കുന്ന രീതീയിലുള്ള പശുപതീശ്വരന്റെ വിഗ്രഹവുമുണ്ട്. സമ്പത്ത് നൽകാനായി പശുപതീശ്വരനെ പ്രാർത്ഥിക്കാം. പുഷ്പഞ്ജലി, അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.
പത്ത് ദിവസമാണ് ഇവിടുത്തെ വിനായക ചതുർത്ഥി ആഘോഷം. ഒൻപതാം ദിവസമാണ് രഥോത്സവം. അന്നേ ദിവസം ഭഗവാനെ ചന്ദനക്കാപ്പ് അണിയിക്കും. ഉത്സവദിവസങ്ങളിൽ ഓരോ ദിവസവും ഓരോ വാഹനത്തിലാണ് എഴുന്നള്ളിപ്പ്. 18 ചുവട് അരി, ആറടി ചെറുപയർ, രണ്ട് ചുവട് എള്ള്, 50 ചുവട് തേങ്ങ, ഒരു ചുവട് നെയ്യ്, 40 കിലോ ശർക്കര ഇവയെല്ലാം യോജിപ്പിച്ച് തുണിയിൽ കെട്ടി തുടർച്ചയായി രണ്ട് ദിവസം തിളപ്പിക്കും. ഈ പായസം കാവടി പോലെ കൊണ്ടുപോകുന്നു. ഇത് ഗണേശ ചതുർത്ഥി ദിനത്തിൽ ഉച്ചൈക്കാല പൂജയുടെ സമയത്ത് നിവേദിക്കുന്നു.
രഥോത്സവത്തിന് പിന്നിലും ഐതീഹ്യമുണ്ട്. രാജരാജ ചോളൻ തഞ്ചൂർ പെരുവുടയാർ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി പുതുക്കോട്ട ജില്ലയിലെ ചിത്തന്നവാസലിലുള്ള ശിൽപശാലയിൽ നന്ദിയുടെയും ഗണപതിയുടെയും വിഗ്രഹം നിർമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് രഥത്തിന്റെ അകമ്പടിയോടെ ആനപ്പുറത്തേറ്റി വിഗ്രഹങ്ങൾ എത്തിക്കുന്നതിനിടെ രഥം പൊട്ടിവീണു. വിഗ്രഹത്തിന് കേടുപാട് സംഭവിച്ചു. തഞ്ചാവൂർ വലിയ ക്ഷേത്രത്തിലേക്ക് പോകാൻ ഗണേശ ഭഗവാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ രാജരാജ ചോളൻ വിഗ്രഹം വീണയിടത്ത് ഒരു ക്ഷേത്രം പണിതു. അതാണ് പിള്ളിയാർപട്ടി കർപ്പക വിനായഗർ ക്ഷേത്രം എന്നാണ് വിശ്വാസം.
രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം നാല് മണി മുതൽ 8.30 വരെയാണ് ദർശനം നടത്തും. നവംബര്‍ മുതൽ ജനുവരി 20 വരെ (മണ്ഡലകാലത്തും), തൈപ്പൂയം ഉത്സവകാലത്തും രാവിലെ ആറിന് നട തുറന്നാല്‍ രാത്രി 8.30 വരെ അടയ്ക്കുകയില്ല.
മധുര- മേലൂര്‍-തിരുപ്പത്തൂര്‍ വഴി പിള്ളയാര്‍പെട്ടിയിലെത്താം. കാരൈക്കുടി, ശിവഗംഗ, എന്നിവിടങ്ങളാണ് ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷനുകൾ.