ന്യൂഡൽഹി: ഇന്ത്യയുടെ തേയില കയറ്റുമതിയിൽ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം 2.6 ലക്ഷം ടൺ തേയിലയാണ് കയറ്റി അയച്ചത്. ഇതുവഴി 6843.13 കോടി രൂപയുടെ കയറ്റുമതി വരുമാനം ലഭിച്ചു. മുൻ വർഷം 2.41 ലക്ഷം ടൺ തേയിലയാണ് ഇന്ത്യ കയറ്റി അയച്ചത്.
സിടിസി (ക്രഷ്, ടിയർ, കേൾ) , ഓർത്തഡോക്സ്, ഗ്രീൻ ടീ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. കേരളം, അസം, ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ പ്രധാന തേയില ഉത്പാദന സംസ്ഥാനങ്ങൾ. ഓർത്തഡോക്സാണ് വിദേശ വിപണിയിലെ താരം.
യുഎഇയാണ് ഇന്ത്യൻ തേയിലയുടെ ആവശ്യക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം 1,088.08 കോടി രൂപയുടെ തേയിലയാണ് യുഎഇയിലേക്ക് മാത്രം കയറ്റിയച്ചത്. 40,701 ടണ്ണാണ് കയറ്റുമതി. ഇറാൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞത് കേരള വിപണിയിൽ ഇത്തവണ വില ഉയരാൻ കാരണമായി. വിദേശ രാജ്യങ്ങളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും കാര്യമായ കയറ്റുമതി നടത്താൻ വ്യാപാരികൾക്ക് സാധിക്കുന്നില്ല.












