തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനുഗമിക്കും. നാളെ പുലർച്ചയാണ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്ര.മാഡ്രിഡിലെത്തുന്ന മന്ത്രി അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു.
അർജൻ്റീന ലോകകപ്പ് കിരീടം നേടിയപ്പോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന് കേരളം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ സംഘം സ്പെയിനിലേക്ക് പറക്കുന്നത്. ഏകദേശം 40 കോടിയിലേറെ രൂപയുടെ ചെലവ് വരുമെന്ന് കണ്ടാണ് ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിച്ചത്. 2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ ഒരു സൗഹൃദം മത്സരം കളിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ വീഴ്‌ത്തിയാണ് മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ലോക കിരീടം ഉയർത്തിയത്.