ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി നയാബ് സെയ്‌നി ഉൾപ്പെടെയുളളവർ പട്ടികയിലുണ്ട്. ലധ്വയിൽ നിന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്.
മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ് അംബാല കന്റോൺമെന്റ് സീറ്റിലും നിയമസഭാ സ്പീക്കർ ഗ്യാൻചന്ദ് ഗുപ്ത പാഞ്ച്കുളയിൽ നിന്നും ജനവിധി തേടും. 2009 മുതൽ മൂന്ന് തവണയായി അനിൽ വിജ് മത്സരിച്ചുവിജയിക്കുന്ന സീറ്റാണ് അംബാല കന്റോൺമെന്റ് മണ്ഡലം. ഹരിയാന ബിജെപി മുൻ അദ്ധ്യക്ഷൻ ഓം പ്രകാശ് ധൻകർ ബാദ്‌ലിയിലും മുൻ സ്പീക്കർ കൻവാർ പാൽ ഗുർജാർ ജഗാദ്രിയിലും മത്സരിക്കും.
അടുത്തിടെ ബിജെപിയിലെത്തിയ ദേവേന്ദർ സിംഗ് ബാബ്്‌ലി, സഞ്ജയ് കബ് ലാന, ശ്രുതി ചൗധരി എന്നിവർക്കും സീറ്റുകൾ നൽകിയിട്ടുണ്ട്. അമ്മയും രാജ്യസഭാ എംപിയുമായ കിരൺ ചൗധരിക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ശ്രുതി ചൗധരി. തോഷാമിൽ നിന്നാണ് ശ്രുതി ജനവിധി തേടുക. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനനായക് ജനതാ പാർട്ടിയുടെ മുൻ എംഎൽഎയാണ് ദേവേന്ദർ സിംഗ് ബാബ് ലി. ജനനായക് ജനതാ പാർട്ടിയുടെ മറ്റ് രണ്ട് മുൻ എംഎൽഎമാർക്കും സീറ്റ് നൽകിയിട്ടുണ്ട്.
എല്ലാ മുതിർന്ന നേതാക്കൾക്കും പരിഗണന നൽകിയിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ബാക്കിയുളള സീറ്റുകളിലെ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എട്ടിനാണ് വോട്ടെണ്ണൽ. ഹരിയാനയിൽ തെരഞ്ഞെടുപ്പ് ധാരണയ്‌ക്ക് കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.















