അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കൻന്മാർക്കായൊരു ദിനം. ഇന്ന് ദേശീയ അദ്ധ്യാപക ദിനം. ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്കാരമാണ് നാം പിന്തുടരുന്നത്. വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ഇന്നേ ദിനം വിനിയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന ജേതാവുമായ ഡോ. എസ്. രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമാണ്. 1888 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹത്തിന്റെ ജനനം. അദ്ധ്യാപകർ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അതിനെ ആദരിക്കാനും വേണ്ടിയാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിനത്തിന് പിന്നിലൊരു കഥയുണ്ട്.
1962-ൽ രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം എസ്. രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ ചിലർ അദ്ദേഹത്തെ സമീപിച്ചു. എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. ഒടുവിൽ ശിഷ്യൻമാരുടെ നിർബന്ധം സഹിക്കാതെ വന്നതോടെ നിങ്ങൾക്ക് നിർബന്ധമാണങ്കിൽ രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി നമുക്ക് സെപ്റ്റംബർ അഞ്ച് ആഘോഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ 1961 ആദ്യത്തെ അദ്ധ്യാപക ദിനം രാജ്യത്ത് ആഘോഷിച്ചു. പിന്നീടിങ്ങോട്ട് എല്ലാ വർഷവും നാം അത് തുടരുന്നു.
അദ്ധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ വിദ്ധ്യാർത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അദ്ധ്യാപക ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് പകർന്നു തന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അദ്ധ്യാപകരെ ബഹുമാനിക്കാനും പഠിക്കാം.. കാലമെത്ര കഴിഞ്ഞാലും അവരെ മറക്കാതിരിക്കാം..