കണ്ണൂർ: പി. ശശിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പാട്യം ഗോപാലന്റെ മകൻ എൻ.പി ഉല്ലേഖ്. പി. ശശിക്ക് കമ്മ്യൂണിസ്റ്റ് ബോധമില്ലെന്നും, അധികാരവും പണവും ഉള്ളയിടങ്ങളിൽ പി ശശി ഉണ്ടാകുമെന്ന് ഉല്ലേഖ് ഫേസ്ബുക്കിൽ കുറിച്ചു.
പി.വി അൻവറിന്റെ ആരോപണത്തിന് പിന്നാലെ പി. ശശിക്കെതിരെ ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇതനിടയിലാണ് കണ്ണൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകൻ രംഗത്ത് വന്നത്.
” പി ശശി എന്ന മനുഷ്യന് കമ്മ്യൂണിസ്റ്റ് ബോധമില്ല. രാഷ്‌ട്രീയമില്ല. വക്കീൽ പണി എന്നത് പൊതുവെ മധ്യസ്ഥപ്പണിയായതു കൊണ്ട് അതിൽ ശോഭിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തെപോലുള്ള ഒരാൾ ഒരു രാഷ്‌ട്രീയപാർട്ടിയുടെയും നേതൃസ്ഥാനത്ത് ഉണ്ടാവരുത്. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഓഫീസിലും അദ്ദേഹത്തെ അടുപ്പിക്കരുത്. പാർട്ടിരംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുമ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ അതീവ താൽപ്പര്യം കാട്ടിയ പഴയ യുവാവാണീപ്പറയുന്ന വ്യക്തി. പാർട്ടി ഏല്പിച്ചു അതുകൊണ്ടു പോയി എന്ന കള്ളം പറഞ്ഞു നിൽക്കുമായിരിക്കും. പക്ഷെ സത്യം അതൊന്നുമല്ല. അധികാരം പണം എന്നിവ ഉള്ളിടങ്ങളിൽ അദ്ദേഹമുണ്ടാവും. എന്തിനാണ് കണ്ണൂരിൽ അടിയും തൊഴിയും സഹിച്ചു പാർട്ടിപ്രവർത്തനം നടത്തി മുഷിയുന്നത്. തെരെഞ്ഞെടുപ്പ്ഘട്ടമാവുമ്പോൾ വേണ്ടപോലെ വേണ്ടവരെ സമീപിച്ചാൽ പോരെ എന്ന ചിന്ത ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാർക്കും ഇല്ലാത്തകാലത്തു ഉണ്ടായ പ്രഗത്ഭനാണ് ഈ പ്രബലൻ.
1984 ഇൽ തന്നെ കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ മത്സരിക്കാനുള്ള കണക്കുകൂട്ടലുകൾ നടത്തി. പക്ഷെ “ചെക്കനൊന്നും ആയിട്ടില്ല” എന്ന് പറഞ്ഞു എംവി രാഘവൻ ഒഴിവാക്കി. രാഷ്‌ട്രീയജീവിതത്തിൽ ഒരുപാട് godfathers അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വളർച്ച അവരുമായി ചുറ്റുപറ്റി മാത്രമാണ് ഉണ്ടായിട്ടുള്ളത്. വേറെ എടുത്തപറയാവുന്ന ഗുണങ്ങൾ ഒന്നും തന്നെ ഞാൻ കണ്ടിട്ടില്ല. മറ്റാരെങ്കിലും കാണാനും ഇടയില്ല. ദോഷങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്. തന്റെ വളർച്ചയ്‌ക്ക് കാരണമായിട്ടുള്ള ഒരാളോടും അദ്ദേഹത്തിന് കടപ്പാടുള്ളതായിട്ടു അറിവില്ല. ഒരാൾ പോയാൽ അടുത്ത ശക്തനെ പിടിക്കും അതാണ് തന്ത്രം. അത്ചെയ്യാനുള്ള സാമർഥ്യം അസാദ്ധ്യം തന്നെ. എം. വി രാഘവൻ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടപ്പോൾ എവിടെ നിൽക്കണം എന്ന് കുറച് ശങ്കിച്ച് നിന്നശേഷം പിന്നെ ഉടനെത്തന്നെ കാലു മാറാൻ അദ്ദേഹത്തിന് അധികം ചിന്തിക്കേണ്ടിവന്നില്ല. പക്ഷെ വിശ്വസ്തനായി അഭിനയിക്കാൻ മിടുക്കൻ.
നായനാർ 1996 ഇൽ അധികാരത്തിൽ വന്നശേഷം പൊളിറ്റിക്കൽ സെക്രട്ടറി ആയ ഇദ്ദേഹം താനാണ് കേരളം ഭരിച്ചത് എന്ന വീരവാദം മുഴക്കുന്നതിൽ അഗ്രഗണ്യനാണു. ഏതു വന്യമൃഗവുമായും ചങ്ങാത്തത്തിലാവാനുള്ള കഴിവാണ് അദ്ദേഹം ഭരണം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് എനിക്കും നിങ്ങളിൽ പലർക്കും അറിയാം. സ്വന്തം കാര്യം എന്നതിലപ്പുറം യാതൊന്നിലും അദ്ദേഹത്തിന് താല്പര്യമില്ല എന്നത് പെരളശ്ശേരിയിലെ കുഞ്ഞുകുട്ടികൾക്കുപോലും അറിയാം. കണ്ണൂർ പാർട്ടി സെക്രട്ടറിയായതിനുശേഷം അദ്ദേഹം തന്റെ ചില കഴിവുകൾ ഭംഗിയായി തെളിയിച്ചു. നോക്കും വാക്കും ശരിയല്ല എന്ന് വൈകാതെ പലർക്കും ബോധ്യപ്പെട്ടു. താമസിയാതെ അദ്ദേഹത്തിന്റെ ചില പ്രവൃത്തികൾ പാർട്ടിവിരുദ്ധമായതുകൊണ്ടും അദ്ദേഹത്തിന് ചികിത്സ ആവശ്യമാണ് എന്ന തിരിച്ചറിവിന്റെഅടിസ്ഥാനത്തിലും അദ്ദേഹത്തിന് പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ടു.
ഏതുതരം ചികിത്സയാണ് യഥാർത്ഥത്തിൽ വേണ്ടത് എന്നതിനെ പറ്റി അധികം പറയുന്നില്ല. എനിക്കദ്ദേഹത്തെ അഞ്ചു വയസ്സ് തികയും മുമ്പ് തന്നെ അറിയാം. കോളജ് വിദ്യാഭ്യാസക്കാലത്തു പ്രേമിക്കുന്നവരെ വിലക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അദ്ദേഹത്തിന്റെത്. മറ്റുള്ളവരെ കൊണ്ട് അത്തരക്കാരെ നിലയ്‌ക്ക് നിർത്തുക എന്നതാണ് അദ്ദേഹത്തിന്റെ വിദ്യാർത്ഥി രാഷ്‌ട്രീയ ചരിത്രം. പക്ഷെ ഹൈപ്പ് ഭീകരമായിരുന്നു. ശശിയേട്ടൻ പ്രസംഗിച്ചാൽ ജയം ഉറപ്പു എന്ന് തുടങ്ങി അദ്ദേഹത്തിന്റെ ഗ്ലാമറിൽ അവസാനിക്കുന്ന അതിശയോക്തികൾ.
അതെല്ലാം പരമസത്യമാണെന്നുകരുതി ശശിയേട്ടൻ സിന്ദാബാദ് എന്ന് വിളിച്ചവരെ എനിക്കോർമ്മയുണ്ട്. അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ച ഒരാള് പിന്നീട് പറഞ്ഞത് ശശയോഗം (ശനി) ഉണ്ടെങ്കിലും ശശിയോഗവും അദ്ദേഹത്തിനുണ്ട് എന്നാണു. അതാണ് അദ്ദേഹം വീണതത്രെ. പക്ഷെ തിരിച്ചു വന്നു. അദ്ദേഹത്തിന്റെ ശശിയോഗം പാർട്ടിക്ക് തലവേദനയായി തുടരുന്നു.
വക്കീൽ പണിക്ക് തിരിച്ചു പോവാൻ അഭ്യർത്ഥിക്കുകയാണ്. ടെക്സ്റ്റ് മെസ്സേജ് അയച്ചു പണ്ടേ അഭ്യർത്ഥിച്ചതാണ്. അതിനു മറുപടി കിട്ടിയില്ല. അതുകൊണ്ടാണ് തുറന്ന കത്ത് എഴുതുന്നത്. ദയവായി മാറി നിൽക്കുക. അതൊരു സത്കർമ്മമായി കരുതുക. വീണ്ടുമൊരു ചികിത്സ അത്രമാത്രം”, ഉല്ലേഖ് പറഞ്ഞു.