ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റുകളുമായി പൊലീസിന്റെ ഏറ്റുമുട്ടൽ. കോതഗുഡം ജില്ലയിലെ ഭാദ്രാദ്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ കരകഗുഡേം മണ്ഡലിലുള്ള രഘുനാഥപാലത്തിന് സമീപമായിരുന്നു സംഭവം.
ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഭദ്രാദ്രി കോതഗുഡം ജില്ലാ സൂപ്രണ്ട് രോഹിത് രാജ് അറിയിച്ചു. തെലങ്കാനയിലെ ഉന്നത മാവോയിസ്റ്റ് നേതാക്കൾ അടക്കം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇന്നലെ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തലയ്ക്ക് 59 ലക്ഷം രൂപ വരെ വിലയിട്ട കേഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ ആറ് പേരും സ്ത്രീകളാണ്. ദന്തേവാഡ-ബിജാപൂർ ജില്ലാതിർത്തിയിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് സംഭവം.