ന്യൂഡൽഹി : അർദ്ധചാലക നിർമാണത്തിന് പിന്നാലെ വിമാന നിർമാണത്തിലേക്കും കടക്കാൻ തീരുമാനിച്ച് ഇന്ത്യ. രാജ്യത്ത് വിമാന നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് വ്യക്തമാക്കിയത് വിമാന നിർമാണത്തിൽ ഇന്ത്യയെ ലോകനേതൃത്വത്തിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി പ്രത്യേക സംഘം രൂപീകരിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും ബോയിംഗ് അല്ലെങ്കിൽ എയർബസ് കമ്പനികളുടേതാണ്. എന്നാൽ ഇതിന് മാറ്റമുണ്ടാക്കാനും , ഇന്ത്യയിൽ ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വഴി കോടികൾ രാജ്യത്തിന് നേട്ടമായി ലഭിക്കുമെന്നും കണക്കുകൾ പറയുന്നു . കൂടാതെ വ്യോമയാന മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാനുമാകും .
വിമാന നിർമാണ സാങ്കേതികവിദ്യ അറിയാത്ത ഇന്ത്യൻ കമ്പനികൾ ഇപ്പോൾ എഞ്ചിൻ പോലുള്ള പ്രധാന ഭാഗങ്ങൾക്കായി വിദേശ കമ്പനികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത് . ഈ പ്രതിസന്ധി മറികടന്നാണ് വിമാന നിർമാണത്തിലേക്ക് ചുവടുവെക്കാനുള്ള സർക്കാർ തീരുമാനം. നിർമാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില് എന്തെങ്കിലും പോരായ്മയുണ്ടായാല് അത് കണ്ടെത്തി മറികടക്കുക എന്നതായിരിക്കും എസ്പിവി സംഘത്തിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു.
സർക്കാരിന്റെ ഈ ലക്ഷ്യത്തിൽ എച്ച്എഎല്ലിന്റെ പങ്ക് പ്രധാനമാണ്. യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ എച്ച്എഎല്ലിനുള്ള പരിചയം ഇതിന് മുതൽ കൂട്ടാകുമെന്നും റിപ്പോർട്ടുണ്ട്.