തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്കൂൾ ഉച്ചഭക്ഷണ പ്രതിസന്ധി. സർക്കാർ രണ്ട് മാസത്തെ തുക കുടിശിക വരുത്തിയതോടെയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണം, പാൽ, മുട്ട വിതരണം വീണ്ടും പ്രതിസന്ധിയിലായത്. ജൂൺ മാസത്തിൽ ഉച്ചഭക്ഷണത്തിനും മുട്ട, പാൽ എന്നിവയ്‌ക്കും ചെലവായ തുക ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നൽകിയിരുന്നു. എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക ഇതുവരെയും അനുവദിച്ചിട്ടില്ല.
മിക്ക സ്കൂളുകളിലും പ്രഥമാദ്ധ്യാപകരാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. കയ്യിലെ കാശ് ചെലവിട്ട് ഉച്ചഭക്ഷണം നൽകുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രഥമാദ്ധ്യാപകരുടെ സംഘടന രംഗത്തിറങ്ങിയിട്ടുണ്ട്. അഡ്വാൻസായി പണം അനുവദിക്കണമെന്ന വാഗ്ദാനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
മുൻകൂറായി തുക നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും ജലരേഖ പോലെയായിരുന്നു പ്രഖ്യാപനം. കുട്ടികൾക്ക് ആഴ്ചയിൽ ഒരു മുട്ടയും 2 തവണ 150 മില്ലി ലീറ്റർ വീതം പാലും നൽകണം. വിപണി വിലയിലും കുറഞ്ഞ നിരക്കാണ് ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഒരു ലിറ്റർ പാലിന് 56 രൂപ വില ഉണ്ടായിരിക്കെ 52 രൂപയാണ് സർക്കാർ നൽകുന്നത്. മുട്ടയ്‌ക്ക് ഏഴ് മുതൽ 10 രൂപവരെ വിലയുണ്ട്. സർക്കാർ നൽകുന്നത് ആറ് രൂപ മാത്രമാണ്. ഇവ സ്കൂളിൽ എത്തിക്കാനും പാചകത്തിനും ഉൾപ്പടെയുള്ള ചെലവുകൾ സ്കൂൾ അധികൃതർ തന്നെയാണ് വഹിക്കുന്നത്.















