മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. മലയാളികളുടെ വല്ല്യേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയിൽ നിറഞ്ഞാടിയ മമ്മൂക്കയ്‌ക്ക് പ്രായം വെറും നമ്പർ മാത്രമാണ്. 70-കൾ പിന്നിടുമ്പോഴും സിനിമയിലേക്ക് കാലെടുത്തുവച്ച അതേ ചുറുചുറുക്കോടെയാണ് മമ്മൂട്ടി ഇന്നും സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ടർബോയിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചത് വിസ്മയങ്ങളുടെ മായാലോകമായിരുന്നു. 1971-ൽ സത്യൻ മാഷിന്റെ കാൽതൊട്ട് വന്ദിച്ചായിരുന്നു താരത്തിന്റെ തുടക്കം. പിന്നിട്ട നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർമകളിൽ നിറയുന്നത് മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരുപിടി കഥാപാത്രങ്ങൾ മാത്രമാണ്.
മലയാളത്തിന് പുറമേ തമിഴ്, തെലങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലും മമ്മൂട്ടി തന്റെ കഴിവ് തെളിയിച്ചു. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു മമ്മൂട്ടിക്ക് അന്നും ഇന്നും. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ ലോകത്തേക്ക് വന്നത്. ചെറിയൊരു വേഷത്തിൽ സിനിമയിൽ മുഖം കാണിച്ച പൊടിമീശക്കാരന്റെ ജീവിതം മാറ്റിമറിച്ചത് ഈ സിനിമയായിരുന്നു.
മലയാളത്തിന്റെ സൂപ്പർതാരം സത്യന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. സത്യന്റെ അവസാന ചിത്രം കൂടിയായിരുന്നു അത്. പിന്നീട് താരത്തിന് കിട്ടിയത് മുഴുവൻ ചെറിയ വേഷങ്ങളായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം സ്വപ്നങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി നായകവേഷത്തിലെത്തിയത്.















