തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ 18 റണ്‍സ് ജയം. ആറാം ദിനത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്ലേഴ്സ് 18.1 ഓവറില്‍ 129 റണ്‍സിന് പുറത്തായി.
കൊച്ചിക്കുവേണ്ടി ആനന്ദ് കൃഷ്ണനും ജോബിന് ജോബിയും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് അഞ്ച് സിക്സറഉം രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ ആനന്ദ് കൃഷ്ണന് 54 റണ്‍സ് നേടി. ജോബിന് ജോബി 50 പന്തില്‍ നിന്ന് രണ്ട് സിക്സറും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 51 റണ്‍സ് നേടി.
148 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗാരംഭിച്ച കൊല്ലത്തിന് 14 റണ്‍സ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് നായര്‍ (2), അരുണ്‍ പൗലോസ്(2), ക്യാപ്റ്റന്‍ സച്ചിന് ബേബി (2), എ.കെ അര്ജുന് (3) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്. എന്‍.എം. ഷറഫുദ്ദീന് മാത്രമാണ് പിടിച്ചുനിന്നത്. ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീന് 24 പന്തില്‍ നിന്ന് അഞ്ചു സിക്സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സ് നേടി. 18.1 ഓവറില്‍ 129 ന് ഏരീസ് കൊല്ലം പുറത്തായി. ലീഗില്‍ ഇതുവരെ കളിച്ച നാലുകളികളില്‍ മൂന്നിലും വിജയിച്ച കൊല്ലത്തിന്റെ ആദ്യ തോൽവിയാണിത്.
കൊച്ചിക്കു വേണ്ടി ബേസില്‍ തമ്പി 3.1 ഓവറില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റ് നേടി. കെ.എം. ആസിഫ് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ആദ്യ രണ്ടു കളികളില്‍ പരാജയപ്പെട്ട് പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ചത്തെ വിജയത്തോടെ പോയിന്റ് നിലയില്‍ മെച്ചപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂടൈഗേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 6.45ന് അദാനി ട്രിവാൻഡ്രം റോയൽസും ഏരീസ് കൊല്ലം സെയ്ലേഴ്സും നേർക്കുനേർ വരും.