പുരുഷന്മാരുടെ ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തകർത്തത്. രണ്ടാം മിനിറ്റിലും 60-ാം മിനിറ്റിലും സുഖ്ജീത് വലകുലുക്കിയപ്പോൾ അഭിഷേക് (3), സഞ്ജയ് (17), ഉത്തം സിംഗ് (54) എന്നിവരാണ് മറ്റു സ്കോറർമാർ
41-ാം മിനിറ്റിൽ മാറ്റ്‌സുമോട്ടോ കസുമാസയാണ് ജപ്പാന് വേണ്ടി ഒരു ഗോൾ മടക്കിയത്. ഞായറാഴ്ച നടന്ന ആദ്യ ലീഗ് മത്സരത്തിൽ ചൈനയെ 3-0 ന് തോൽപ്പിച്ചാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യ ടൂർണമെൻ്റിന് തുടക്കമിട്ടത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ സുഖ്ജീത് ഉജ്ജ്വല ഫീൽഡ് ഗോളിലൂടെ ജപ്പാന്റെ വലയിൽ പന്തെത്തിച്ചതോടെ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലായി.
മൂന്നാം മിനിട്ടിൽ വീണ്ടും ജപ്പാൻ ഞെട്ടി. ജപ്പാൻ പ്രതിരോധ താരങ്ങളെ വെട്ടിയെഴിഞ്ഞ് ഗോളിയെയും കബളിപ്പിച്ചാണ് അഭിഷേക് ഇന്ത്യക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാം ക്വാർട്ടറിൽ ഉഗ്രനൊരു പെനാൽറ്റി കോർണർ സഞ്ജയ് വലയിലാക്കി. ഇതോടെ ജപ്പാൻ പ്രതിരോധത്തിലായി. പിന്നീട് അവർക്ക് തിരിച്ചുവരാനുമായില്ല.