പെർഫ്യൂമുകൾ ഉപയോഗിക്കാത്തവർ വിരളമായിരിക്കും. പെർഫ്യൂമുകളുടെ സുഗന്ധവും പേരും ബ്രാൻഡുമെല്ലാം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. ഇത്തരക്കാർക്ക് ദുബായ് രാജകുമാരിയുടെ മഹ്‌റ എം1 ബ്രാൻഡും സുപരിചിതമായിരിക്കും. എന്നാൽ ഈ ബ്രാൻഡിന് കീഴിൽ പുതുതായി നിർമിച്ച പെർഫ്യൂമിന്റെ പേര് കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ.
” ഡിവോഴ്‌സ്’ എന്ന പേരിൽ പുതിയ പെർഫ്യൂമുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 30-കാരിയായ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂം. ഭർത്താവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് പുതിയ പെർഫ്യൂമുകൾക്ക് ഷെയ്ഖ മഹ്‌റ ഡിവോഴ്‌സ് എന്ന പേര് നൽകിയത്.
ഇതിന്റെ ടീസർ വീഡിയോയും മഹ്‌റ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചു. കറുത്ത ചില്ലുകുപ്പിയിൽ വെളുത്ത നിറത്തിലാണ് ഡിവോഴ്‌സ് എന്ന് എഴുതിയിരിക്കുന്നത്. പുതിയ പെർഫ്യൂമുകൾ വൈകാതെ വിപണിയിലിറങ്ങുമെന്നും മഹ്‌റ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഷെയ്ഖ മഹ്‌റ ഇൻസ്റ്റഗ്രാമിലൂടെയാണ് ഭർത്താവിനെ മൂന്ന് തവണ മുത്തലാഖ് ചൊല്ലി ഡിവോഴ്‌സ് ചെയ്തത്. ” പ്രിയ ഭർത്താവിന്, നിങ്ങൾ മറ്റ് പങ്കാളികളുമായി തിരക്കിലായതിനാൽ നമ്മുടെ വിവാഹമോചനം ഞാൻ ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു.”- ഷെയ്ഖ മഹ്‌റ കുറിച്ചു. കഴിഞ്ഞ വർഷം മേയിലാണ് ഇരുവരും വിവാഹമോചിതരായത്.