തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ നൂറാം ചിത്രത്തിൽ താൻ നായകനാവുമെന്ന് മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലും ഞാനുണ്ടായിരുന്നു. 100-ാമത്തെ ചിത്രത്തിലും ഞാൻ തന്നെ നായകനാകണമെന്ന് പ്രിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ വെളിപ്പെടുത്തി. മൂന്ന് സിനിമകൂടി ചെയ്താൽ പ്രിയൻ നൂറ് സിനിമ തികയ്‌ക്കും. പ്രിയന്റെ ആദ്യ സിനിമയായ പുച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ഞാനുണ്ടായിരുന്നു ഒരു സംവിധായകന്റെ നൂറാം സിനിമയിലും അതേ നായകൻ അഭിനയിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ.
സത്യേട്ടന്റെ ആദ്യ പടമായ കുറുക്കന്റെ കല്യാണത്തിലും ഞാൻ അഭിനയിച്ചിരുന്നു 40 വർഷം കഴിഞ്ഞു. അദ്ദേഹവും ഞാനും ഒന്നിക്കുന്ന “ഹൃദയപൂർവം” എന്ന പുതിയ ചിത്രവും വരുന്നുണ്ട്. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതാകാം എന്ന് കരുതുന്നതായും മോഹൻലാൽ പറഞ്ഞു. നമ്പൂതിരി സാറിന്റെ 150 ഓളം ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വീട്ടിൽ വച്ചിട്ടുണ്ട്.
അതൊക്കെ ഒരു മ്യൂസിയമാക്കണമെന്ന് ആഗ്രമുണ്ട്. അതുമാത്രമല്ല മലയാള സിനിമയുടെ ഒരു മ്യൂസിയം ഏറ്റവും വലിയ ആഗ്രഹമാണ്. നമ്മുടെ സിനിമകൾ, ക്ലാസിക്കുകൾ ലൈബ്രറി എന്നിവയടങ്ങുന്ന മ്യൂസിയം. പെയിൻ്റിംഗുകൾ സ്റ്റാച്യുകൾ എന്നിവ കൊണ്ടുവന്ന് മ്യൂസിയമാക്കണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു സ്ഥലത്ത് തുടങ്ങണം. സിനിമയെക്കുറിച്ച് പഠിക്കുന്നവർക്കും ആൾക്കാർക്കും വന്ന് കാണാനൊക്കെയാവുന്ന തരത്തിലുള്ളത്—മോഹൻലാൽ പറഞ്ഞു.