ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ വാനോളം പുകഴ്‌ത്തി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അമേരിക്കൻ സന്ദർശത്തിനിടെ രാഹുൽ നടത്തിയ വിഘടനവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇതിനിടെയാണ് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകന്റെ പിന്തുണ രാഹുലിനെ തേടിയെത്തിയത്. ഭാരതത്തിൽ സിഖുകാർക്ക് തലപ്പാവ് ധരിക്കാൻ സാധിക്കുന്നില്ലെന്നാണ് രാഹുൽ വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. രാജ്യത്ത് സിഖുകാരെ അടിച്ചമർത്തുകയാണെന്ന തരത്തിലാണ് രാഹുലിന്റെ വാക്കുകൾ.
ഖലിസ്ഥാന് വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് രാഹുലിന്റെ വാക്കുകളിലൂടെ തെളിഞ്ഞതായി പന്നൂൻ പ്രസ്താവനയിലൂടെ പറഞ്ഞു. ” വാഷിംഗടൺ ഡിസിയിൽ ഖലിസ്ഥാൻ അനുകൂലികൾ പങ്കെടുത്ത പരിപാടിയിൽ രാഹുൽ നടത്തിയ പ്രസംഗം സിഖ് ഫോർ ജസ്റ്റിസിന്റെ ലക്ഷ്യത്തെ സാധുകരിക്കുകയാണ്. സിഖുകാർക്ക് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്നാണ് രാഹുൽ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന ധീരമാണ്. ഇത് സിഖ് ഫോർ ജസ്റ്റിസിന്റെ സ്വാതന്ത്ര പഞ്ചാബ്, ഖാലിസ്ഥാനായുള്ള ഹിതപരിശോധന തുടങ്ങിയ ആവശ്യങ്ങളെ പിന്തുണയ്‌ക്കുന്നതാണ്”, പന്നൂൻ എക്സിലൂടെ പറഞ്ഞു.
ഖലിസ്ഥാൻ ഭീകരവാദികളുടെ ആഗോള സംഘടനാ നേതാവായ പന്നൂൻ കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരനായി പ്രഖ്യാപിച്ചു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് പന്നു പ്രവർത്തിക്കുന്നതെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.