ശ്രീനഗർ: കത്വ-ബസന്ത്‌നഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായുള്ള തെരച്ചിൽ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കത്വ അതിർത്തിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. സേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
നിലവിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായും അധികൃതർ പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ നടക്കുകയാണെന്നും ജമ്മു പ്രതിരോധ മന്ത്രാലയം പിആർഒ വ്യക്തമാക്കി.
അതേസമയം അഖ്‌നൂർ സെക്ടറിൽ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെപ്പിൽ ഒരു ജവാന് പരിക്കേറ്റിരുന്നു. പ്രകോപനങ്ങളില്ലാതെയാണ് പാകിസ്താൻ വെടിവച്ചതെന്നും അധികൃതർ അറിയിച്ചു.