ന്യൂഡൽഹി: ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഒരു ഇന്ത്യൻ നിർമ്മിത ചിപ്പ് ഉണ്ടായിരിക്കണമെന്നതാണ് ഭാരതത്തിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒരു സെമി കണ്ടക്ടർ പവർ ഹൗസാക്കി മാറ്റാൻ കേന്ദ്രം ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന സെമികോൺ 2024 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് ഊന്നൽ നൽകുന്ന സർക്കാരും വളർന്നുവരുന്ന ഉൽപാദന അടിത്തറയും സാങ്കേതികവിദ്യ സംയോജിപ്പിച്ച വിപണിയും രാജ്യത്ത് ചിപ്പ് നിർമ്മാണത്തിന് ത്രീ-ഡി പവർ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് പറഞ്ഞ മോദി സെമി കണ്ടക്ടർ നിർമ്മാണം വർധിപ്പിക്കാൻ കേന്ദ്രം കൈക്കൊണ്ട നടപടികളും വിശദീകരിച്ചു.
സെമി കണ്ടക്ടർ നിർമ്മാണ മേഖലയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ടെന്നും നിരവധി പദ്ധതികൾ അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വിതരണ ശൃംഖലയുടെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി കോവിഡ് മഹാമാരി സമയത്ത് രാജ്യങ്ങൾ നേരിട്ട പ്രതിസന്ധി ചൂണ്ടിക്കാട്ടി. ഏതു തടസങ്ങളും ഒഴിവാക്കി മുന്നോട്ട്പോകേണ്ടതിന്റെ ആവശ്യകതയാണ് ഇത് അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.