ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം തങ്ങൾ ഉണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും എറിക് പറയുന്നു. ഗണേശ ചതുർത്ഥി ദിനത്തിൽ മുംബൈയിൽ പൂജാപന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ചിലപ്പോൾ ഇരുരാജ്യങ്ങൾക്കും നേരിടേണ്ടി വരുന്നത് ഒരേ ശത്രുക്കളെ ആയിരിക്കും. ഒരുമിച്ച് നിൽക്കുമ്പോൾ എല്ലായ്‌പ്പോഴും നമ്മൾ ശക്തരാണ്. അങ്ങനെ നിൽക്കുമ്പോൾ അവിടെ പുരോഗതിയും ഉണ്ടാകുന്നു. ഇന്ത്യയുടെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുൾപ്പെടെ പ്രത്യേകമായ ഇടം നൽകുന്നുണ്ട്. ഇന്ത്യയ്‌ക്ക് എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴെല്ലാം ഒരു വിളിക്കപ്പുറം ഞങ്ങളുടെ സഹായവും ഉറപ്പ് നൽകുന്നുണ്ട്.
ഇന്ത്യ നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ അവർക്ക് പിന്തുണയുമായി അമേരിക്ക എപ്പോഴുമുണ്ടാകും. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ട ആവശ്യം ഞങ്ങൾക്കില്ല. എങ്കിലും ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ ഉൾപ്പെടെ പല വിഷയങ്ങളിലും ഇന്ത്യയുമായി യോജിച്ച നിലപാട് ഞങ്ങൾ അറിയിച്ചിട്ടുണ്ടെന്നും” എറിക് പറയുന്നു. പ്രതിരോധ സാങ്കേതിക രംഗങ്ങളിൽ ഇന്ത്യയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ക്വാഡ് സഖ്യമുൾപ്പെടെ പല കാര്യങ്ങളിലും തങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, പലപ്പോഴും ഇരുരാജ്യങ്ങളും ഒരേ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.